കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെറിയ സ്കോര്‍ ചേസ് ചെയ്യുവാന്‍ ബുദ്ധിമുട്ടിയെങ്കിലും അവസാന കടമ്പ കടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറിൽ ഏഴ് റൺസ് വേണ്ടപ്പോള്‍ ഒരു സിക്സും ഫോറും പറത്തി ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് ദിനേശ് കാര്‍ത്തിക് ആണ് നയിച്ചത്.
കൊല്‍ക്കത്തയെ 128 റൺസിന് ഒതുക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഉമേഷ് യാദവിന്റെ ഇരട്ട പ്രഹരവും ടിം സൗത്തി നേടിയ വിക്കറ്റും ആര്‍സിബിയെ 17/3 എന്ന നിലയിലേക്ക് തള്ളിയിട്ടെങ്കിലും 45 റൺസ് കൂട്ടുകെട്ടുമായി ഡേവിഡ് വില്ലിയും ഷെര്‍ഫെയന്‍ റൂഥര്‍ഫോര്‍ഡും മുന്നോട്ട് നയിച്ചപ്പോള്‍ നരൈന്‍ 18 റൺസ് നേടിയ വില്ലിയെ വീഴ്ത്തി.
എന്നാൽ 39 റൺസിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടുമായി ഷഹ്ബാസ് അഹമ്മദും റൂഥര്‍ഫോര്‍ഡും ടീമിനെ നൂറ് കടത്തിയെങ്കിലും 27 റൺസ് നേടിയ ഷഹ്ബാദ് തന്റെ വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് കണ്ടത്.
അധികം വൈകാതെ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിനെ ടിം സൗത്തി പുറത്താക്കിയപ്പോള്‍ താരം 28 റൺസാണ് നേടിയത്. അതേ ഓവറിൽ ഹസരംഗയെയും ടിം സൗത്തി പുറത്താക്കിയതോടെ ബാംഗ്ലൂരിന് കാര്യങ്ങള്‍ ശ്രമകരമായി മാറി.
രണ്ടോവറിൽ 17 റൺസ് വേണ്ട ഘട്ടത്തിൽ വെങ്കിടേഷ് അയ്യര്‍ എറിഞ്ഞ 19ാം ഓവറിൽ ഹര്‍ഷൽ പട്ടേൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസ് നേടിയപ്പോള്‍ ആര്‍സിബിയ്ക്ക് ലക്ഷ്യം 6 പന്തിൽ 7 ആയി മാറി. കാര്‍ത്തിക് പുറത്താകാതെ 14 റൺസും ഹര്‍ഷൽ പട്ടേൽ 10 റൺസും നേടിയാണ് വിജയം ആര്‍സിബി പക്ഷത്തേക്ക് എത്തിച്ചത്.