ആർ.സി.ബിക്കെതിരായ ഐ.പി.എൽ മത്സരത്തിൽ ചെന്നൈക്ക് ജയിക്കാൻ 146 റൺസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിരാട് കോഹ്‌ലിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു തുടക്കത്തിൽ ആർ.സി.ബി ഓപ്പണർമാരായ ആരോൺ ഫിഞ്ചും ദേവ് പടിക്കലും നടത്തിയത്. എന്നാൽ നാലാം ഓവറിൽ ഫിഞ്ചും ആറാം ഓവറിൽ ദേവ് പടിക്കലും പുറത്തായതോടെ ആർ.സി.ബി പ്രതിരോധത്തിലേക്ക് വലിഞ്ഞു.
ദേവ് പടിക്കൽ 22 റൺസും ഫിഞ്ച് 15 റൺസുമെടുത്താണ് പുറത്തായത്. ഇരുവരും പുറത്തായതിന് ശേഷം വന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും എബി ഡിവില്ലേഴ്‌സും പതിയെ ആണ് ബാറ്റിംഗ് ആരംഭിച്ചത്. തുടർന്ന് ഇരുവരും ചേർന്ന് സ്കോർ ഉയർത്തിയെങ്കിലും അവസാന ഓവറുകളിൽ ഡിവില്ലിയേഴ്സ് പുറത്തായത് ആർ.സി.ബിക്ക് തിരിച്ചടിയായി. 39 റൺസ് എടുത്താണ് എബി ഡിവില്ലേഴ്‌സ് പുറത്തായത്.
തുടർന്ന് അവസാന ഓവറുകളിൽ റൺസ് ഉയർത്താനുള്ള ശ്രമത്തിനിടെ മൊയീൻ അലിയും വിരാട് കോഹ്‌ലിയും ക്രിസ് മോറിസും പുറത്താവുകയും ചെയ്തതോടെ ആർ.സി.ബി സ്കോർ 150 കടന്നില്ല. മൊയീൻ അലി 1 റൺസ് എടുത്തും ക്രിസ് മോറിസ് 2 റൺസ് എടുത്തും വിരാട് കോഹ്‌ലി 50 റൺസുമെടുത്താണ് പുറത്തായത്. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി സാം കറൻ മൂന്ന് വിക്കറ്റും ദീപക് ചാഹർ രണ്ട് വിക്കറ്റും മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും വീഴ്ത്തി.