ഇനിയും കപ്പ് നേടാം!!! ആര്‍സിബി പ്ലേ ഓഫിലേക്ക്

Sports Correspondent

അവസാന ഓവറിലേക്ക് മത്സരം എത്തിയപ്പോള്‍ വിജയം ചെന്നൈ കൈവിട്ടിരുന്നുവെങ്കിലും പ്ലേ ഓഫിലെത്തുവാന്‍ വെറും 17 റൺസ് നേടേണ്ടപ്പോള്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ക്രീസിൽ നിൽക്കുന്നത് ചെന്നൈയ്ക്കായിരുന്നു മുന്‍തൂക്കം നൽകിയത്. യഷ് ദയാലിനെ ആദ്യ പന്തിൽ സിക്സര്‍ പറത്തി ധോണി ലക്ഷ്യം 5 പന്തിൽ 11 റൺസാക്കിയെങ്കിലും ദയാലിന്റെ അതിശക്തമായ തിരിച്ചുവരവാണ് പിന്നീട് മത്സരത്തിൽ കണ്ടത്.

Yashdayal

ധോണിയുടെ വിക്കറ്റ് നേടിയ താരം പിന്നെ വിട്ട് നൽകിയത് വെറും ഒരു റൺസാണ്. ഇതോടെ ആര്‍സിബി 27 റൺസ് വിജയത്തോടെ പ്ലേ ഓഫിലേക്ക് കടന്നു. 201 റൺസ് നേടിയിരുന്നുവെങ്കിൽ പ്ലേ ഓഫിലെത്തുമായിരുന്ന ചെന്നൈയാകട്ടേ 191 റൺസ് മാത്രമേ നേടാനായുള്ളു.

Jaddudhoni

ആദ്യ പന്തിൽ ക്യാപ്റ്റന്‍ റുതുരാജ് ഗായക്വാഡിനെ നഷ്ടമായ ചെന്നൈയ്ക്ക് പവര്‍പ്ലേയ്ക്കുള്ളിൽ മിച്ചൽ മാര്‍ഷിനെയും നഷ്ടമായി. 19/2 എന്ന നിലയിൽ നിന്ന് രച്ചിന്‍ രവീന്ദ്ര – അജിങ്ക്യ രഹാനെ കൂട്ടുകെട്ട് ടീമിനെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 58/2 എന്ന നിലയിലേക്ക് എത്തിച്ചു. 41 പന്തിൽ 66 റൺസുമായി ഈ കൂട്ടുകെട്ട് കുതിയ്ക്കുമ്പോളാണ് തന്റെ സ്പെല്ലിലെ ആദ്യ പന്തിൽ തന്നെ ലോക്കി ഫെര്‍ഗൂസൺ ഈ കൂട്ടുകെട്ട് തകര്‍ത്തത്.

22 പന്തിൽ 33 റൺസ് നേടിയ അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് താരം നേടിയത്. 37 പന്തിൽ 61 റൺസ് നേടിയ രച്ചിന്‍ രവീന്ദ്ര റണ്ണൗട്ടായതോടെ ബെംഗളൂരു ക്യാമ്പ് വീണ്ടും ഉണര്‍ന്നു. പുറത്താകുന്നതിന് മുമ്പ് ശിവം ദുബേയുമായി ചേര്‍ന്ന് 30 റൺസാണ് രച്ചിന്‍ നാലാം വിക്കറ്റിൽ നേടിയത്.

കാമറൺ ഗ്രീന്‍ ശിവം ദുബേയെ പുറത്താക്കി ആര്‍സിബിയ്ക്ക് അഞ്ചാം വിക്കറ്റ് നേടികൊടുത്തപ്പോള്‍ അവസാന ആറോവറിൽ 94 റൺസായിരുന്നു ചെന്നൈയുടെ വിജയ ലക്ഷ്യം. പ്ലേ ഓഫിലേക്ക് എത്താന്‍ നേടേണ്ടത് 76 റൺസും. സാന്റനറിനെ സിറാജ് പുറത്താക്കിയപ്പോള്‍ 129/6 എന്ന നിലയിലേക്ക് ചെന്നൈ വീണു. തകര്‍പ്പനൊരു ക്യാച്ചിലൂടെയാണ് ആര്‍സിബി നായകന്‍ സിറാജിനെ പിടിച്ച് പുറത്താക്കിയത്.

ധോണി – ജഡേജ കൂട്ടുകെട്ട് നിര്‍ണ്ണായകമായ റൺസ് ഏഴാം വിക്കറ്റിൽ നേടിയപ്പോള്‍ ജയിക്കുവാന്‍ അവസാന രണ്ടോവറിൽ 35 റൺസായിരുന്നു പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ ചെന്നൈ നേടേണ്ടിയിരുന്നത്. വിജയത്തിന് വേണ്ടത് 53 റൺസും. ലോക്കി ഫെര്‍ഗൂസൺ എറിഞ്ഞ 19ാം ഓവറിൽ രണ്ട് ബൗണ്ടറിയും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 18 റൺസ് വന്നു. ഇതോടെ അവസാന ഓവറിൽ പ്ലേ ഓഫിലെത്തുവാന്‍ 18 റൺസ് മതിയെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

വിജയത്തിനായി അപ്രാപ്യമായ 35 റൺസ് ചെന്നൈയ്ക്ക് നേടണമായിരുന്നുവെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കുാന്‍ വെറും 17 റൺസ് മതിയെന്നത് ജഡേജയും ധോണിയും ക്രീസിൽ നിൽക്കുമ്പോള്‍ സംഭവ്യമായ ലക്ഷ്യം മാത്രമായിരുന്നു. യഷ് ദയാലിനെ ഓവറിലെ ആദ്യ പന്തിൽ സിക്സര്‍ പായിച്ച ധോണിയെ പുറത്താക്കി ദയാൽ തൊട്ടടുത്ത പന്തിൽ ചെന്നൈയ്ക്ക് തിരിച്ചടി നൽകി. 27 പന്തിൽ 61 റൺസായിരുന്നു ധോണി ജഡേജ കൂട്ടുകെട്ട് നേടിയത്. ധോണി 13 പന്തിൽ 25 റൺസാണ് നേടിയത്.

പിന്നീടുള്ള അഞ്ച് പന്തിൽ നിന്ന് യഷ് ദയാൽ വിട്ട് നൽകിയത് ഒരു റൺസ് മാത്രമായിരുന്നു. അവിശ്വസനീയമായ തിരിച്ചുവരവാണ് യഷ് ദയാലും ആര്‍സിബിയും ഈ അവസാന ഓവറിൽ കടന്നത്. ചെന്നൈയ്ക്ക് പ്ലേ ഓഫ് സ്വപ്നങ്ങള്‍ 10 റൺസ് അകലെ നഷ്ടമായപ്പോള്‍ 27 റൺസ് വിജയവുമായി ആര്‍സിബി പ്ലേ ഓഫ് ഉറപ്പാക്കി.

രവീന്ദ്ര ജഡേജ 22 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ആര്‍സിബിയ്ക്ക് വേണ്ടി യഷ് ദയാൽ രണ്ട് വിക്കറ്റ് നേടി.