മുംബൈ ഇന്ത്യന്‍സിനെതിരെ 12 റൺസ് വിജയം നേടി ആര്‍സിബി. ഇന്ന് 222 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയെ ഒരു ഘട്ടത്തിൽ തിലക് വര്‍മ്മ – ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ആര്‍സിബി ബൗളര്‍മാര്‍ അവസാന ഓവറുകളിൽ പിടിമുറുക്കിയപ്പോള്‍ മുംബൈയുടെ ഇന്നിംഗ്സ് 209/9 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് വാങ്കഡേയിൽ വിജയം കുറിയ്ക്കാന്‍ ആര്‍സിബിയ്ക്ക് ആയത്.
മികച്ച രീതിയിൽ ഇന്നിംഗ്സ് തുടങ്ങിയ രോഹിത്തിനെ ആണ് മുംബൈയ്ക്ക് ആദ്യം നഷ്ടമായത്. 9 പന്തിൽ 17 റൺസായിരുന്നു താരം നേടിയത്. റയാന്‍ റിക്കൽട്ടൺ 10 പന്തിൽ 17 റൺസ് നേടി പുറത്തായപ്പോള്‍ വിൽ ജാക്സ് 22 റൺസും സൂര്യകുമാര്‍ യാദവ് 28 റൺസും നേടി പുറത്തായി.
99/4 എന്ന നിലയിൽ നിന്ന് തിലക് വര്‍മ്മയും ഹാര്‍ദ്ദിക് പാണ്ഡ്യയും അഞ്ചാം വിക്കറ്റിൽ 89 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ഇരുവരും മുംബൈയുടെ വിജയം ഉറപ്പാക്കിയെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് 29 പന്തിൽ 56 റൺസ് നേടിയ തിലക് വര്‍മ്മയെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയത്.
2 ഓവറിൽ 28 റൺസ് നേടേണ്ടിയിരുന്ന മുംബൈയ്ക്ക് 19ാം ഓവറിലെ ആദ്യ പന്തിൽ ഹാര്‍ദ്ദിക്കിനെ നഷ്ടമായി. 15 പന്തിൽ 42 റൺസ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ ജോഷ് ഹാസൽവുഡ് ലിയാം ലിവിംഗ്സ്റ്റണിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
ഓവറിൽ 9 റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. അത് തന്നെ മിച്ചൽ സാന്റനര്‍ അഞ്ചാം പന്തിൽ നേടിയ സിക്സിന്റെ സഹായത്തോടെ. ഇതോടെ അവസാന ഓവറിൽ 19 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്.
ബൗളിംഗ് ദൗത്യം രജത് പടിദാര്‍ നൽകിയത് ക്രുണാൽ പാണ്ഡ്യയ്ക്കും. പാണ്ഡ്യ ആദ്യ പന്തിൽ തന്നെ സാന്റനറെ പുറത്താക്കി മുംബൈയ്ക്ക് അടുത്ത തിരിച്ചടി നൽകി. തൊട്ടടുത്ത പന്തിൽ ഫിൽസാള്‍ട്ട് – ടിം ഡേവിഡ് സഖ്യം തകര്‍പ്പനൊരു ടാഗ് ടീം ക്യാച്ചിലൂടെ ദീപക് ചഹാറിനെ പുറത്താക്കിയപ്പോള്‍ മുംബൈ ഓവറിലെ രണ്ടാം വിക്കറ്റും നഷ്ടമായി.
നമന്‍ ധിറിനെ പുറത്താക്കി ഓവറിലെ മൂന്നാമത്തെയും മത്സരത്തിലെ തന്റെ നാലാമത്തെയും വിക്കറ്റ് ക്രുണാൽ വീഴ്ത്തി മത്സരം ആര്‍സിബിയ്ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു.