മികച്ച തുടക്കം നല്‍കി ഡല്‍ഹി ക്യാപിറ്റൽസ് ഓപ്പണര്‍മാര്‍, 164 റൺസ്

Sports Correspondent

ഐപിഎലില്‍ ഇന്നത്തെ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി ഡല്‍ഹി ക്യാപിറ്റൽസ്. ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് ഡല്‍ഹിയ്ക്ക് നല്‍കിയതെങ്കിലും അധികം വൈകാതെ ഇരു താരങ്ങളും പുറത്തായത് ഡല്‍ഹിയ്ക്ക് തിരിച്ചടിയായി.

35 പന്തിൽ 43 റൺസ് നേടിയ ശിഖര്‍ ധവാന്റെ വിക്കറ്റ് ആദ്യം നഷ്ടമാകുമ്പോള്‍ ഡല്‍ഹി 88 റൺസാണ് 10.1 ഓവറിൽ നേടിയത്. അടുത്ത ഓവറിൽ 31 പന്തിൽ 48 റൺസ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് ചഹാല്‍ വീഴ്ത്തി. അധികം വൈകാതെ ഋഷഭ് പന്തിനെയും(10) ഡല്‍ഹിയ്ക്ക് നഷ്ടമായി.

അവസാന ഓവറുകളിൽ ഷിമ്രൺ ഹെറ്റ്മ്യറിന്റെ 29 റൺസാണ് 164 റൺസിലേക്ക് ഡല്‍ഹിയെ എത്തിച്ചത്. മുഹമ്മദ് സിറാജ് 2 വിക്കറ്റ് നേടി. ശ്രേയസ്സ് അയ്യര്‍ 18 റൺസും ഋഷഭ് പന്ത് 10 റൺസ് നേടി പുറത്തായി.