ഇന്ന് RCB പരാജയപ്പെട്ടതോടെ അവരുടെ IPL കിരീട പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ്. നീണ്ടകാലമായുള്ള ആർ സി ബിയുടെ ഒരു ഐ പി എൽ കിരീടം എന്ന കാത്തിരിപ്പ് ഇനിയും തുടരും എന്നാണ് ഇതിന്റെ അർത്ഥം. കോഹ്ലിക്കും സംഘത്തിനും ആർ സി ബിയുടെ ആരാധകർക്കും ഇത് വലിയ ക്ഷീണമാണ്. എന്നാൽ ആർ സി ബിക്ക് ഈ സീസണിലെ രണ്ടാം പകുതിയിൽ അവർ നടത്തിയ പ്രകടനത്തിൽ തീർത്തും അഭിമാനിക്കാം.
സീസണിൽ ആദ്യ 8 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒരു മത്സരം മാത്രം ജയിച്ച് ടേബിളിന്റെ ഏറ്റവും അവസാനത്ത് ഉണ്ടായിരുന്ന ടീം. ആർ സി ബി എലിമിനേറ്റ് ആയി എന്ന് ഏവരും കരുതിയിരുന്ന സ്ഥിതി. അവിടെ നിന്നാണ് അവർ പൊരുതി പ്ലേ ഓഫ് വരെ വന്നത്.
ഏപ്രിൽ 21ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് വെറും ഒരു റൺസിന് പരാജയപ്പെട്ടപ്പോൾ എല്ലാവരും എഴുതി തള്ളിയതാണ്. അന്ന് അവരുടെ തുടർച്ചയായ ആറാം പരാജയമായിരുന്നു.
അതിനു ശേഷം കണ്ടത് പുതിയ ആർ സി ബിയെ ആയിരുന്നു. ഒന്നിനു പിറകെ ഒന്നായി തുടർച്ചയായി ആറ് വിജയങ്ങൾ. അതിൽ പലതും മികച്ച മാർജിനിൽ തന്നെ. ഇത് അവരുടെ റൺ റേറ്റ് ഉയർത്താൻ അവരെ സഹായിച്ചു. ആർ സി ബി ഒരു ടീമായി വളരുന്നത് ഒരോ മത്സരം കഴിയും തോറും കാണാൻ ആയി. അവർ വിജയിക്കുന്നതിനൊപ്പം അവർക്ക് അനുകൂലമായി ചുറ്റും കാര്യങ്ങൾ പോകാനും തുടങ്ങി.
അവസാനം ലീഗിലെ അവസാന പോരിൽ ചെന്നൈയെ നേരിടുമ്പോൾ അവർക്ക് വിജയിച്ചാൽ മാത്രം പോരായിരുന്നു.18 റൺസിന്റെ മാർജിനിൽ ജയിക്കണമായിരുന്നു.ആർ സി ബി അന്ന് വലിയ മാർജിനിൽ ജയിച്ചാണ് പ്ലേ ഓഫിലേക്ക് എത്തിയത്. കിരീടത്തിലേക്ക് എത്തിയില്ല എങ്കിലും ആർ സി ബി ഒരു ടീമായി എല്ലാവർക്കും ഫീൽ ചെയ്ത സീസണായിരുന്നു ഇത്. അവർക്ക് ഇതിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളാൻ ആയാൽ അടുത്ത സീസണിൽ കിരീടത്തിനായി തന്നെ പോരിടുന്ന ഒരു ആർ സി ബിയെ കാണാൻ ആകും.