വീണ്ടുമൊരു സൂപ്പര്‍ ഓവര്‍, തോല്‍വിയുടെ കയങ്ങളില്‍ നിന്ന് തിരിച്ചു കയറി മുംബൈ ഇന്ത്യന്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൂറ്റന്‍ തോല്‍വിയിലേക്ക് വീഴുമെന്ന നിലയില്‍ നിന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് മുംബൈ ഇന്ത്യന്‍സ്. കീറണ്‍ പൊള്ളാര്‍ഡ് – ഇഷാന്‍ കിഷന്‍ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം മത്സരം മാറി മറിഞ്ഞപ്പോള്‍ ഇരു ടീമുകളും 201 റണ്‍സ് വീതം നേടുകയായിരുന്നു. അവസാന പന്തില്‍ വിജയത്തിനായി അഞ്ച് റണ്‍സ് വേണ്ടയിരുന്ന മുംബൈയ്ക്ക് വേണ്ടി പൊള്ളാര്‍ഡ് ബൗണ്ടറി നേടി മത്സരം ടൈ ആക്കുകയായിരുന്നു.

ആദ്യ ഓവറില്‍ 14 റണ്‍സ് നേടി മുംബൈയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ രണ്ടാം ഓവര്‍ എറിയുവാന്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ഏല്പിച്ച കോഹ്‍ലിയുടെ തീരുമാനം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഗുണകരമായി മാറുകയായിരുന്നു. മുംബൈ നായകന്‍ രോഹിത് ശര്‍മ്മയെ(8) തന്നെ വാഷിംഗ്ടണ്‍ സുന്ദര്‍ വീഴ്ത്തുകയായിരുന്നു.

Rcb2

തന്റെ അടുത്ത ഓവറില്‍ ഇസ്രു ഉഡാന സൂര്യകുമാര്‍ യാദവിനെ(0) പുറത്താക്കിയപ്പോള്‍ മത്സരത്തില്‍ 16/2 എന്ന നിലയിലേക്ക് മുംബൈ വീണു. 14 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്ക് ചഹാലിന്റെ ഇരയായപ്പോള്‍ 39/3 എന്ന നിലയില്‍ മുംബൈ പരുങ്ങലിലായി. അവിടെ നിന്ന് ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും 39 റണ്‍സ് കൂട്ടുകെട്ടുമായി മുംബൈയുടെ തിരിച്ചുവരവിന്റെ സാധ്യതകള്‍ പടുത്തുയര്‍ത്തുവെങ്കിലും സംപയ്ക്ക് വിക്കറ്റ് നല്‍കി ഹാര്‍ദ്ദിക് മടങ്ങുകയായിരുന്നു.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും മറുവശത്ത് നിലയുറപ്പിച്ച് ഇഷാന്‍ കിഷന്‍ 39 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചു. പൊള്ളാര്‍ഡുമായി അഞ്ചാം വിക്കറ്റില്‍ മികച്ചൊരു കൂട്ടുകെട്ട് ഇഷാന്‍ നേടിയെങ്കിലും ലക്ഷ്യം വളരെ വലുതായിരുന്നു. അവസാന നാലോവറില്‍ 80 റണ്‍സായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. ക്രീസില്‍ ഇഷാന്‍ കിഷനും കീറണ്‍ പൊള്ളാര്‍ഡും.

Ishankishan

ആഡം സംപ എറിഞ്ഞ പതിനേഴാം ഓവറില്‍ കീറണ്‍ പൊള്ളാര്‍ഡ് തന്റെ പതിവ് ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ഓവറില്‍ നിന്ന് 27 റണ്‍സ് പിറന്നപ്പോള്‍ ലക്ഷ്യം 18 പന്തില്‍ 53 റണ്‍സായി മാറി. ഇതില്‍ തന്നെ രണ്ടാം പന്തില്‍ പവന്‍ നേഗി പൊള്ളാര്‍ഡ് നല്‍കിയ അവസരം കൈവിടുന്നത് കൂടിയാണ് കണ്ടത്. ആ പന്ത് സിക്സ് പോകുകയും പൊള്ളാര്‍ഡ് പിന്നീട് രണ്ട് സിക്സ് കൂടി നേടുന്നതും കണ്ടു. അവസാന പന്തില്‍ വീണ്ടും ഒരു അവസരം നല്‍കിയപ്പോള്‍ ചഹാല്‍ ആണ് അത് നഷ്ടപ്പെടുത്തിയത്.

ചഹാല്‍ എറിഞ്ഞ 18ാം ഓവറിലും 22 റണ്‍സാണ് മുംബൈ നേടിയത്. പൊള്ളാര്‍ഡ് രണ്ട് സിക്സും ഇഷാന്‍ കിഷന്‍ ഒരു സിക്സും നേടിയപ്പോള്‍ ലക്ഷ്യം 12 പന്തില്‍ 31 റണ്‍സായി മാറി. പൊള്ളാര്‍ഡ് ഇതിനിടെ 20 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി.

Pollard

19ാം ഓവറില്‍ മികച്ച ബൗളിംഗ് നവ്ദീപ് സൈനി കാഴ്ചവെച്ചുവെങ്കിലും ഓവറില്‍ നിന്ന് കിഷന്‍ നേടിയ സിക്സ് ഉള്‍പ്പെടെ 12 റണ്‍സ് നേടി മുംബൈ അവസാന ഓവറിലെ ലക്ഷ്യം 19 ആക്കി മാറ്റി.

അവസാന ഓവര്‍ എറിയാനെത്തിയ ഇസ്രു ഉഡാന രണ്ട് പന്തുകളില്‍ മികച്ച രീതിയില്‍ പന്തെറിയുകയും മൂന്നാമത്തെ പന്തില്‍ ഇഷാന്‍ കിഷന്റെ ഒരു അവസരം സൃഷ്ടിച്ചെടുക്കുകയും ചെയ്തുവെങ്കിലും അത് ഗുര്‍കീരത്ത് മന്‍ തട്ടി സിക്സര്‍ പറത്തി. അടുത്ത പന്തിലും സിക്സ് നേടി തന്റെ സ്കോര്‍ 99ല്‍ നില്‍ക്കവെ ഓവറിലെ അഞ്ചാം പന്തില്‍ ഇഷാന്‍ കിഷന്‍ പുറത്തായി. എന്നാലവസാന പന്തില്‍ വിജയത്തിനായി 5 റണ്‍സ് വേണ്ടിയിരുന്ന പൊള്ളാര്‍ഡിന് ബൗണ്ടറി മാത്രമേ നേടാനായുള്ളു.

58 പന്തില്‍ നിന്ന് 99 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ 9 സിക്സും 2 ഫോറുമാണ് നേടിയത്. കീറണ്‍ പൊള്ളാര്‍ഡ് പുറത്താകാതെ 24 പന്തില്‍ നിന്ന് 60 റണ്‍സ് നേടി. 3 ഫോറും 5 സിക്സുമാണ് താരം നേടിയത്.

78/4 എന്ന നിലയില്‍ കൂറ്റന്‍ തോല്‍വി കാത്തിരുന്ന ടീമിനെ 119 റണ്‍സിന്റെ പൊരുതി നേടിയ കൂട്ടുകെട്ടുമായാണ് ഇഷാന്‍- പൊള്ളാര്‍ഡ് എന്നിവര്‍ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.