ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇന്ന് ആര്‍സിബിയ്ക്കെതിരെയുള്ള തോൽവി ടൂര്‍ണ്ണമെന്റിലെ ടീമിന്റെ അഞ്ചാമത്തെ തുടര്‍ തോൽവിയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 174/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡൽഹിയ്ക്ക് 151 റൺസ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ ഡൽഹി നേടിയപ്പോള്‍ ആര്‍സിബി 23 റൺസ് വിജയം സ്വന്തമാക്കി.
മനീഷ് പാണ്ടേ തന്റെ അര്‍ദ്ധ ശതകവുമായി പൊരുതി നോക്കിയപ്പോള്‍ മറ്റൊരു ബാറ്റ്സ്മാനും വലിയ സ്കോര്‍ കണ്ടത്താനാകാതെ പോയത് ഡൽഹിയ്ക്ക് തിരിച്ചടിയായി.
ആദ്യ ഓവറിൽ തന്നെ പൃഥ്വി ഷായെ നഷ്ടമായ ഡൽഹി ഒരു ഘട്ടത്തിൽ 2/3 എന്ന നിലയിലായിരുന്നു. ഡേവിഡ് വാര്‍ണര്‍ 19 റൺസ് നേടിയപ്പോള്‍ തന്റെ അരങ്ങേറ്റ മത്സരം കളിക്കുന്ന വൈശാഖ് വിജയകുമാര്‍ താരത്തെ പുറത്താക്കി തന്റെ കന്നി ഐപിഎൽ വിക്കറ്റ് നേടി.
പിന്നീട് മനീഷ് പാണ്ടേ മാത്രമാണ് ഒരു വശത്ത് നിന്ന് ബാറ്റ് വീശിയത്. 14 പന്തിൽ 21 റൺസ് നേടിയ അക്സര്‍ പട്ടേൽ അപകടകാരിയായി തോന്നിയെങ്കിലും താരത്തെയും പുറത്താക്കി വൈശാഖ് മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. അക്സര്‍ പട്ടേൽ പുറത്തായി തൊട്ടടുത്ത ഓവറിൽ 38 പന്തിൽ 50 റൺസ് നേടിയ മനീഷ് പാണ്ടേയെ വനിന്‍ഡു ഹസരംഗ പുറത്താക്കുകയായിരുന്നു.
തന്റെ അവസാന ഓവറിൽ ലളിത് യാദവിനെക്കൂടി പുറത്താക്കി വൈശാഖ് തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയായിരുന്നു.
മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ അമന്‍ ഹഖീം ഖാന്റെ അതിവേഗ സ്കോറിംഗിന്റെ ബലത്തിൽ ഡൽഹിയുടെ ലക്ഷ്യം 52 റൺസായിരുന്നു. എന്നാൽ രണ്ട് വിക്കറ്റ് മാത്രമാണ് ടീമിന്റെ കൈവശമുണ്ടായിരുന്നത് എന്നത് കാര്യങ്ങള്‍ പ്രയാസകരമാക്കി.
സിറാജ് എറിഞ്ഞ 18ാം ഓവറിൽ ഹക്കീം പുറത്തായി. 10 പന്തിൽ 18 റൺസ് നേടിയാണ് ഹക്കീം പുറത്തായത്. ആന്‍റിച്ച് നോര്‍ക്കിയ പുറത്താകാതെ 14 പന്തിൽ 23 റൺസ് നേടി ഡൽഹിയുടെ തോൽവി ഭാരം കുറയ്ക്കുകയായിരുന്നു. 7 റൺസ് നേടി കുൽദീപും ഓള്‍ഔട്ട് ആകാതെ ഡൽഹിയെ കാത്ത് രക്ഷിച്ചു.