ഇന്നത്തെ ആവേശകരമായ ഐപിഎൽ മത്സരത്തിൽ 2 വിക്കറ്റ് വിജയം നേടി പഞ്ചാബ് കിംഗ്സ്. 160 റൺസ് ലക്ഷ്യം നേടുവാന്‍ ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 19.3 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കൈക്കലാക്കിയത്.
ഓപ്പണര്‍മാരായ അഥര്‍വ ടൈഡേയെയും പ്രഭ്സിമ്രാന്‍ സിംഗിനെയും യുദ്‍വീര്‍ സിംഗ് പുറത്താക്കിയപ്പോള്‍ പഞ്ചാബ് 17/2 എന്ന നിലയിലായിരുന്നു. മാത്യു ഷോര്‍ട്ട് 22 പന്തിൽ നിന്ന് 34 റൺസ് നേടി പുറത്താകുകയായിരുന്നു. ഹര്‍പ്രീത് സിംഗ് ഭാട്ടിയയും സിക്കന്ദര്‍ റാസയും ചേര്‍ന്ന് 30 റൺസ് നാലാം വിക്കറ്റിൽ നേടിയപ്പോള്‍ ഭാട്ടിയ 22 പന്തിൽ നിന്ന് 22 റൺസാണ് നേടിയത്.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും മറുവശത്ത് റൺസ് കണ്ടെത്തി സിക്കന്ദര്‍ റാസ പഞ്ചാബ് സാധ്യതകള്‍ സജീവമായി നിലനിര്‍ത്തി. മാര്‍ക്ക് വുഡ് ജിതേഷ് ശര്‍മ്മയെ കെഎൽ രാഹുലിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഓവറിലെ അവസാന പന്തിൽ ഷാരൂഖ് ഖാന്‍ സിക്സര്‍ പറത്തി. ഇതോടെ അവസാന നാലോവറിൽ 32 റൺസായിരുന്നു പഞ്ചാബ് കിംഗ്സ് നേടേണ്ടിയിരുന്നത്.
അവേശ് ഖാന്‍ എറിഞ്ഞ 17ാം ഓവറിൽ 9 റൺസ് പിറന്നപ്പോള്‍ 18 പന്തിൽ 23 റൺസായി ലക്ഷ്യം മാറി. 4 വിക്കറ്റുകളാണ് പഞ്ചാബിന്റെ കൈവശം അവശേഷിച്ചത്. രവി ബിഷ്ണോയി സിക്കന്ദര്‍ റാസയുടെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പഞ്ചാബിന് കനത്ത പ്രഹരമാണേറ്റത്. 41 പന്തിൽ നിന്ന് 57 റൺസായിരുന്നു സിക്കന്ദര്‍ റാസയുടെ സംഭാവന.
ഓവറിൽ നിന്ന് വെറും 3 റൺസ് മാത്രം പിറന്നപ്പോള്‍ ലക്ഷ്യം അവസാന രണ്ടോവറിൽ 20 റൺസ് ആയിരുന്നു. മാര്‍ക്ക് വുഡ് എറിഞ്ഞ 19ാം ഓവറിൽ ഷാരൂഖ് ഖാന്‍ ഒരു സിക്സും ഹര്‍പ്രീത് ബ്രാര്‍ ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ലക്നൗവിന്റെ കൈയ്യിൽ നിന്ന് മത്സരം വഴുതുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ തൊട്ടടുത്ത പന്തിൽ ബ്രാറിനെ പുറത്താക്കി വുഡ് വീണ്ടും ലക്നൗ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി.
അവസാന ഓവറിലെ ആദ്യ രണ്ട് പന്തിൽ ഡബിള്‍ നേടിയ ഷാരൂഖ് മൂന്നാം പന്തിൽ ബൗണ്ടറി നേടി വിജയം ഒരുക്കി. 10 പന്തിൽ 23 റൺസായിരുന്നു ഷാരൂഖ് ഖാന്‍ പുറത്താകാതെ നേടിയത്.