ബാംഗ്ലൂരിന്റെ വിജയം ഉറപ്പാക്കി റാവത്ത് – കോഹ്‍ലി കൂട്ടുകെട്ട്, മുംബൈയ്ക്ക് നാലാം തോൽവി

ഐപിഎലില്‍ മുംബൈയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടിയാണ് മുംബൈയെ നാലാം തോല്‍വിയിലേക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തള്ളിയിട്ടത്.

ഫാഫ് ഡു പ്ലെസി നിലയുറപ്പിക്കുവാന്‍ പാട് പെട്ടപ്പോള്‍ താരം പോയ ശേഷം ക്രീസിലെത്തിയ വിരാട് കോഹ്‍ലി അനുജ് റാവത്തിന് മികച്ച പിന്തുണയാണ് നല്‍കിയത്.

ബേസിൽ തമ്പിയുടെ ഓവറിൽ കോഹ്‍ലിയുടെ ക്യാച്ച് ഡെവാള്‍ഡ് ബ്രെവിസ് കളയുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ മുംബൈയ്ക്ക് പ്രതികൂലമായി. അവസാന അഞ്ചോവറിൽ 41 റൺസായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്.

ഇരുവരും അടിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ അനുജ് റാവത്ത് തന്റെ ഇന്നിംഗ്സിൽ 6 സിക്സാണ് നേടിയത്. കോഹ്‍ലിയും അനുജും ചേര്‍ന്ന് 52 പന്തിൽ 80 റൺസ് നേടിയപ്പോള്‍ 47 പന്തിൽ 66 റൺസ് നേടി റാവത്ത് റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

12 പന്തിൽ ലക്ഷ്യം 8 റൺസായി ചുരുങ്ങിയെങ്കിലും ഡെവാള്‍ഡ് ബ്രെവിസിന് പന്ത് നൽകി രോഹിത് കോഹ്‍ലിയെ വീഴ്ത്തി. 48 റൺസാണ് കോഹ്‍ലി നേടിയത്. അടുത്ത രണ്ട് പന്തുകള്‍ ബൗണ്ടറി പായിച്ച് ഗ്ലെന്‍ മാക്സ്വെൽ ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ മുംബൈ തങ്ങളുടെ ഈ സീസണിലെ നാലാം തോല്‍വി ഏറ്റുവാങ്ങി.

Exit mobile version