ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ത്തടിച്ചപ്പോള്‍ കൊല്‍ക്കത്തയുടെ 171 റൺസിനെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. മികച്ച തുടക്കത്തിന് ശേഷം ചെന്നൈയെ പിടിച്ച് കെട്ടിയ കൊല്‍ക്കത്തയ്ക്ക് 19ാം ഓവറിലാണ് മത്സരം കൈവിടുന്നത്. രണ്ടോവറിൽ 26 റൺസെന്ന നിലയിൽ പ്രസിദ്ധ കൃഷ്ണ എറിഞ്ഞ ഓവറിൽ 22 റൺസ് പിറന്നതോടെ മത്സരം ചെന്നൈ സ്വന്തമാക്കി. രവീന്ദ്ര ജഡേജയാണ് മത്സരഗതി മാറ്റിയത്.
അവസാന ഓവറിൽ 4 റൺസ് വേണ്ടപ്പോള്‍ സാം കറനെ ആദ്യ പന്തിൽ നഷ്ടമായ ചെന്നൈയ്ക്ക് അഞ്ചാം പന്തിൽ രവീന്ദ്ര ജഡേജയെ നഷ്ടമാകുമ്പോള്‍ സ്കോറുകള്‍ ഒപ്പമായിരുന്നു. അവസാന പന്തിൽ സിംഗിള്‍ നേടി ദീപക് ചഹാര്‍ ചെന്നൈയെ ലക്ഷ്യത്തിലേക്ക് എത്തിച്ചത്. സുനിൽ നരൈന് ആണ് ഓവര്‍ എറിഞ്ഞത്.
ഓപ്പണര്‍മാരായ റുതുരാജ് സിംഗും ഫാഫ് ഡു പ്ലെസിയും 74 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 28 പന്തിൽ 40 റൺസ് നേടിയ റുതുരാജിനെ റസ്സൽ മടക്കിയ ശേഷം മോയിന്‍ അലിയും ഫാഫും ചേര്‍ന്ന് 28 റൺസ് രണ്ടാം വിക്കറ്റിൽ നേടിയെങ്കിലും 30 പന്തിൽ 43 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയെ പുറത്താക്കി പ്രസിദ്ധ കൃഷ്ണ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ചു.
അമ്പാട്ടി റായിഡുവിനെ സുനിൽ നരൈന് പുറത്താക്കിയതോടെ 119/3 എന്ന നിലയിലേക്ക് വീണ ചെന്നൈയ്ക്ക് 30 പന്തിൽ 45 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്. വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് മോയിന്‍ അലിയും(32) പുറത്തായപ്പോള്‍ ചെന്നൈയുടെ സ്കോര്‍ 138/4 എന്ന നിലയിലായിരുന്നു.
റെയ്നയും ധോണിയും ഒരേ ഓവറിൽ പുറത്തായതോടെ ചെന്നൈയുടെ കാര്യം അവതാളത്തിലാകുകയായിരുന്നു. രണ്ടോവറിൽ 26 റൺസ് വേണ്ട ഘട്ടത്തിൽ പ്രസിദ്ധ കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സര്‍ പറത്തി ജഡേജ വീണ്ടും മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കുകയായിരുന്നു. ഓവറിൽ രണ്ട് ബൗണ്ടറി കൂടി നേടി രവീന്ദ്ര ജഡേജ മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കി.
8 പന്തിൽ 22 റൺസാണ് രവീന്ദ്ര ജഡേജ നേടിയത്.