ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടുന്ന ആർ സി ബി 190 എന്ന വിജയ ലക്ഷ്യം ഉയർത്തി. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് ആണ് ആർ സി ബി എടുത്തത്. ആർ സി ബിക്കു വേണ്ടി ഇന്ന് മാക്സ്‌വെലും ഫാഫ് ഡു പ്ലസസിസും അർധ സെഞ്ച്വറികൾ നേടി. അവസാന ഓവറുകളിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ചത് കൊണ്ടാണ് ആർ സി ബി ഒരു കൂറ്റൻ സ്കോറിൽ എത്താതിരുന്നത്.
ഇന്ന് ചിന്നസാമി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനാണ് മികച്ച തുടക്കം ലഭിച്ചത്. ഒന്നാം പന്തിൽ തന്നെ കോഹ്ലിയെ ബൗൾട്ട് പുറത്താക്കി. ബൗൾട്ടിന്റെ രണ്ടാം ഓവറിൽ 2 റൺസ് എടുത്ത ഷഹബാസ് അഹമ്മദും പുറത്ത്. ആർ സി ബി 12-2 എന്ന നിലയിലായി. പക്ഷെ അവിടെ നിന്ന് ആർ സി ബിക്കായി മാക്സ്വെലും ഫാഫ് ഡു പ്ലസിയും ഒത്തുചേർന്ന് ഒരു വെടിക്കെട്ട് പ്രകടനം തന്നെ നടത്തി. 127 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് പടുത്തു. 14ആം ഓവറിൽ ഡു പ്ലസിസിനെ ജൈസാൾ റണ്ണൗട്ട് ആക്കുമ്പോൾ ആർ സി ബിക്ക് 139 റൺസ് ഉണ്ടായിരുന്നു.
ഡു പ്ലസിസ് 39 പന്തിൽ നിന്ന് 62 എടുത്തു. 2 സിക്സും 8 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. അപ്പോഴും മറുവശത്ത് മാക്സ്വെൽ അടി തുടരുന്നുണ്ടായിരുന്നു. അശ്വിന്റെ പന്തിൽ ഹോൾദറിന് ക്യാച്ച് നൽകിയാണ് മാക്സ്വെൽ പുറത്തായത്. 44 പന്തിൽ നിന്ന് 77 റൺസ് ഓസ്ട്രേലിയ താരം എടുത്തു. 4 സിക്സും ആറ് ഫോറും മാക്സ്വെലിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.
ഇതിനു ശേഷം ആർ സി ബിയുടെ വേഗത കുറഞ്ഞു. ലോംറോർ 8 റൺസ് എടുത്ത് ചാഹലിന്റെ പന്തിൽ പുറത്തായി. പിന്നാലെ പ്രഭുദേശായി റൺ ഒന്നും എടുക്കാതെ റണ്ണൗട്ട് ആവുകയും ചെയ്തു. അവസാന ഓവറിൽ 6 റൺ എടുത്ത ഹസരംഗയും റണ്ണൗട്ട് ആയി. 16 റൺ എടുത്ത കാർത്തികും പിന്നാലെ റൺ എടുക്കാതെ വൈശാഖും കൂറ്റനടിക്ക് ശ്രമിക്കവെ പുറത്തായി.