ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഭേദപ്പെട്ട സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 4 നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 200നടുത്തുള്ള സ്കോര്‍ ടീം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ലഭിച്ച തുടക്കം രാജസ്ഥാന്‍ താരങ്ങള്‍ക്ക് വലിയ സ്കോറിലേക്ക് മാറ്റാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.
ജോസ് ബട്‍ലറും യശസ്വി ജൈസ്വാലും ചേര്‍ന്ന് കരുതലോടെയുള്ള തുടക്കമാണ് നല്‍കിയത്. തുടക്കത്തില്‍ പതറിയെങ്കിലും ജോസ് ബട്ലര്‍ പിന്നെ വേഗത്തില്‍ സ്കോറിംഗ് നടത്തുകയായിരുന്നു.
എട്ടാം ഓവറില്‍ 32 പന്തില്‍ 41 റണ്‍സ് നേടിയ ജോസ് ബട‍്ലര്‍ പുറത്താകുമ്പോള്‍ 66 റണ്‍സായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഒന്നാം വിക്കറ്റില്‍ നേടിയത്. 20 പന്തില്‍ 32 റണ്‍സ് നേടിയ യശസ്വി ജൈസ്വാലിനെയും രാഹുല്‍ ചഹാര്‍ പുറത്താക്കിയതോടെ രാജസ്ഥാന്‍ 9.5 ഓവറില്‍ 91/2 എന്ന നിലയിലായിരുന്നു.
പിന്നീട് സഞ്ജു സാംസണും ശിവം ഡുബേയും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സാണ് നേടിയത്. 27 പന്തില്‍ 42 റണ്‍സ് നേടിയ സഞ്ജുവിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയാണ് ഈ കൂട്ടുകെട്ടിനെ തകര്‍ത്തത്.
തൊട്ടടുത്ത ഓവറില്‍ ശിവം ഡുബേയും(35) പുറത്താകുകയായിരുന്നു. അവസാന പത്തോവറില്‍ വെറും 80 റണ്‍സാണ് രാജസ്ഥാന് നേടാനായത്. അതും അവസാന ഓവറില്‍ പിറന്ന 12 റണ്‍സാണ് ടീമിനെ 171/4 എന്ന സ്കോറിലേക്ക് എത്തിച്ചത്.