സി എസ് കെയ്ക്ക് രണ്ടാം വിജയം. ഇന്ന് അവരുടെ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ഇന്ന് മുംബൈ ഉയർത്തി 158 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ സി എസ് കെയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ കോൺവെയെ നഷ്ടമായി. എന്നാൽ വൺ ഡൗണായി എത്തിയ രഹാനെ ഏവരെയും ഞെട്ടിച്ച ഒരു ഇന്നിംഗ്സ് കളിച്ചു. 19 പന്തിൽ നിന്ന് അർധ സെഞ്ച്വറി നേടിയ രഹാനെ 27 പന്തിൽ നിന്ന് 61 റൺസ് എടുത്ത് ചെന്നൈയുടെ ചെയ്സ് എളുപ്പമാക്കി.
രഹാനെ 3 സിക്സും ഏഴ് ഫോറും ഇന്ന് തന്റെ ഹോം ഗ്രൗണ്ടു കൂടിയായ വാങ്കെടെയിൽ അടിച്ചു. പിയുഷ് ചൗളയാണ് രഹാനെയെ പുറത്താക്കിയത്. 28 റൺസ് എടുത്ത ശിവം ഡൂബെയും 40 റൺസ് എടുത്ത റുതുരാജും ചെന്നൈയുടെ വിജയം ഉറപ്പാക്കി.
നേരത്തെ മികച്ച രീതിയിൽ ബൗൾ ചെയ്ത ചെന്നൈക്ക് എതിരെ 157/8 എന്ന സ്കോർ മാത്രമെ മുംബൈക്ക് എടുക്കാൻ ആയുള്ളൂ. 21 പന്തിൽ 32 എടുത്ത ഇഷൻ കിഷൻ ആണ് മുംബൈയുടെ ടോപ് സ്കോറർ. അവസാനം ടിം ഡേവിഡ് 31 അടിച്ചതാണ് ഭേദപ്പെട്ട സ്കോറിൽ
എങ്കിലും മുംബൈ എത്താനുള്ള കാരണം.
രോഹിത് ശർമ്മ 21 റൺസ് മാത്രമെ എടുത്തുള്ളൂ. ചെന്നൈക്ക് വേണ്ടി ജഡേജ 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സാന്റ്നറും തുശാറും 2 വിക്കറ്റു വീതവും വീഴ്ത്തി. മഗാല ഒരു വിക്കറ്റും വീഴ്ത്തി.