ഐപിഎൽ 2022ലെ ഉദ്ഘാടന മത്സരത്തിൽ മികച്ച വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 6 വിക്കറ്റ് വിജയം ആണ് കൊല്‍ക്കത്ത നേടിയത്. എംഎസ് ധോണി 38 പന്തിൽ 50 റൺസ് നേടി ചെന്നൈയെ 131/5 എന്ന സ്കോറിലേക്ക് എത്തിച്ചപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 18.3 ഓവറിലാണ് കൊല്‍ക്കത്ത വിജയം കരസ്ഥമാക്കിയത്.
44 റൺസ് നേടിയ അജിങ്ക്യ രഹാനെയുടെ മികവിലാണ് കൊല്‍ക്കത്തയുടെ വിജയം. ഒന്നാം വിക്കറ്റിൽ വെങ്കിടേഷ് അയ്യരും രഹാനെയും കൂടി 43 റൺസ് നേടിയ ശേഷം 16 റൺസ് നേടിയ അയ്യര്‍ പുറത്തായപ്പോള്‍ നിതീഷ് റാണയുമായി ചേര്‍ന്ന് രഹാനെ രണ്ടാം വിക്കറ്റിൽ 33 റൺസ് നേടി. 21 റൺസ് നേടിയ നിതീഷ് റാണയെയും ഡ്വെയിന്‍ ബ്രാവോ ആണ് പുറത്താക്കിയത്.
അധികം വൈകാതെ രഹാനെയുടെ വിക്കറ്റ് നഷ്ടമായതോടെ കൊല്‍ക്കത്ത 87/3 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് സാം ബില്ലിംഗ്സും – ശ്രേയസ്സ് അയ്യരും ചേര്‍ന്നാണ് കൊല്‍ക്കത്തയുടെ വിജയം എളുപ്പത്തിലാക്കിയത്. നാലാം വിക്കറ്റിൽ 36 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ബില്ലിംഗ്സ് 25 റൺസ് നേടി പുറത്തായപ്പോള്‍ കൊല്‍ക്കത്ത ലക്ഷ്യത്തിന് 9 റൺസ് മാത്രം അകലെയായിരുന്നു.
ബില്ലിംഗ്സിന്റെ വിക്കറ്റും ബ്രാവോയ്ക്കായിരുന്നു. ശ്രേയസ്സ് അയ്യര്‍ പുറത്താകാതെ 20 റൺസും കൊല്‍ക്കത്തയ്ക്കായി നേടി.