ഐപിഎലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 151/9 എന്ന സ്കോര്‍ നേടിയപ്പോള്‍ കൊൽക്കത്ത 2 വിക്കറ്റ് നഷ്ടത്തിൽ 17.3 ഓവറിൽ വിജയം കുറിയ്ക്കുകയായിരുന്നു. ക്വിന്റൺ ഡി കോക്ക് പുറത്താകാതെ 97 റൺസ് നേടിയാണ് കൊൽക്കത്തയുടെ വിജയം സാധ്യമാക്കിയത്.
മോയിന്‍ അലി റൺസ് കണ്ടെത്തുവാന്‍ പാടുപെട്ടപ്പോള്‍ മറുവശത്ത് ക്വിന്റൺ ഡി കോക്ക് റൺസ് യഥേഷ്ടം കണ്ടെത്തി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 40 റൺസാണ് നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തിൽ മോയിന്‍ അലി റണ്ണൗട്ട് ആകുകയായിരുന്നു. 12 പന്തിൽ 5 റൺസ് മോയിന്‍ അലി നേടിയത്.
ഡി കോക്കും രഹാനെയും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ 10 ഓവര്‍ അവസാനിക്കുമ്പോള്‍ കൊൽക്കത്ത 70 റൺസാണ് നേടിയത്. എന്നാൽ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ 29 റൺസ് കൂട്ടുകെട്ട് വനിന്‍ഡു ഹസരംഗ തകര്‍ത്തു. 18 റൺസ് നേടിയ രഹാനെയുടെ വിക്കറ്റാണ് ഹസരംഗ നേടിയത്.
ക്വിന്റൺ ഡി കോക്കും അംഗ്കൃഷ് രഘുവംശിയും ചേര്‍ന്ന് അതിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ കൊൽക്കത്ത വിജയത്തോട് അടുക്കുകയായിരുന്നു. 44 പന്തിൽ 83 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.
ഡി കോക്ക് 61 പന്തിൽ നിന്ന് 97 റൺസ് നേടിയപ്പോള്‍ അംഗ്കൃഷ് രഘുവംശി 17 പന്തിൽ നിന്ന് പുറത്താകാതെ 22 റൺസ് നേടി.