ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് ആണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ സീസണിലെ കടം വീട്ടാനുള്ളത് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാണ്. കഴിഞ്ഞ സീസണിൽ ടോപ്പ് ഫോറിലെത്തിയിരുന്നു ഇരു ടീമുകളും. എന്നാൽ പ്ലേ ഓഫിൽ നൈറ്റ്റൈഡേഴ്‌സിനെ പരാജയപ്പെടുത്തി ഹൈദരാബാദ് ഫൈനലിലേക്ക് കടന്നു.
കഴിഞ്ഞ മൂന്നു സീസണുകളിലും സ്ഥിരതയാർന്ന പ്രകടനമാണ് ഇരു ടീമുകളും കാഴ്‌ച വെക്കുന്നത്. ഐപിഎല്ലിന്റെ ആവേശമെല്ലാം ഈഡൻ ഗാർഡനിൽ നമുക്ക് കാണാം. പോരാട്ടത്തിന്റെ നാൾവഴികൾ പരിശോധിക്കുമ്പോൾ മുൻതൂക്കം കൊൽക്കത്തയ്ക്കാണ്. 15 തവണ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ഒൻപത് തവണയും ജയം അവർക്കൊപ്പമായിരുന്നു. എന്നാൽ ആറ് തവണ ജയിക്കാൻ സൺ റൈസേഴ്‌സിനായിട്ടുണ്ട്.
അതിൽ മൂന്നും കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്നുമാണെന്നുള്ളതും ശ്രദ്ധേയം. ക്യാപ്റ്റൻ കേവ്യിൻ വില്യംസൺ ഇല്ലാതെയാണ് സൺ റൈസേഴ്സ് ഇറങ്ങുക. പരിക്കേറ്റ താരത്തിന് പകരം ടീമിന്റെ ചുക്കാൻ പിടിക്കുക ഭുവനേശ്വർ കുമാറാണ്. ഡേവിഡ് വാർണർ ഹൈദരാബാദിൽ തിരിച്ചെത്തിയിട്ടുണ്ട്. മലയാളി താരങ്ങളായ ബേസിൽ തമ്പിയും സന്ദീപ് വാരിയരും ഈഡൻ ഗാർഡനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം.