തകര്‍ന്ന് വീണ ലക്നൗവിനെ കരകയറ്റി നിക്കോളസ് പൂരന്‍ – ആയുഷ് ബദോനി കൂട്ടുകെട്ട്, ലക്നൗവിന് 176 റൺസ്

Sports Correspondent

10.1 ഓവറിൽ 73/5 എന്ന നിലയിലേക്ക് വീണ ലക്നൗവിനെ 176 റൺസിലേക്ക് എത്തിച്ച് നിക്കോളസ് പൂരന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. താരത്തിന് പിന്തുണയുമായി ആയുഷ് ബദോനിയും മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ലക്നൗ നേടിയത്.

ടോപ് ഓര്‍ഡറിൽ ക്വിന്റൺ ഡി കോക്കും(28) പ്രേരക് മങ്കഡും(26) മാത്രമാണ് ലക്നൗവിനായി പൊരുതി നോക്കിയത്. വൈഭവ് അറോറ പ്രേരക് മങ്കഡിനെയും മാര്‍ക്കസ് സ്റ്റോയിനിസിനെയും പുറത്താക്കിയപ്പോള്‍ ലക്നവിന്റെ നില പരുങ്ങലിലായി.

Vaibhavarora
11ാം ഓവറിലെ ആദ്യ പന്തിൽ ക്വിന്റൺ ഡി കോക്കിനെ വരുൺ ചക്രവര്‍ത്തി പുറത്താക്കിയപ്പോള്‍ അതേ ഓവറിൽ നിക്കോളസ് പൂരന്‍ രണ്ട് ഫോറും ഒരു സിക്സും നേടി. അവിടെ നിന്ന് ആയുഷ് ബദോനിയെ കൂട്ടുപിടിച്ച് നിക്കോളസ് പൂരന്‍ ലക്നൗവിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 74 റൺസാണ് നേടിയത്.

പൂരന്‍ 28 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ 19ാം ഓവറിലെ ആദ്യ പന്തിൽ ലക്നൗ 150 കടന്നു. നിക്കോളസ് പൂരന്‍ 30 പന്തിൽ 58 റൺസും ആയുഷ് ബദോനി 25 റൺസും നേടി. പൂരന്‍ താക്കൂറിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.

വൈഭവ് അറോറയ്ക്ക് പുറമെ ശര്‍ദ്ധുൽ താക്കൂറും സുനിൽ നരൈനും കൊൽക്കത്തയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.