2.4 കോടി രൂപയ്ക്കാണ് ഐപിഎല്‍ 2021 ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് പിയൂഷ് ചൗളയെ സ്വന്തമാക്കിയത്. താരത്തിനെ മുംബൈ വാങ്ങിയത് താരത്തിന്റെ പരിചയസമ്പത്ത് പരിഗണിച്ചാണെന്നാണ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ കോച്ചിംഗ് സംഘത്തിന്റെ ഭാഗമായ സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടത്.
പിയൂഷ് ചൗള 2008ല്‍ പഞ്ചാബ് കിംഗ്സ്(അന്നത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബ്) സംഘത്തിനൊപ്പമാണ് ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. 2013 വരെ ടീമിനൊപ്പം തുടര്‍ന്ന പിയൂഷ് പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തുകയും അവിടെ കിരീടം നേടുകയും ചെയ്തു. 2020ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ കളിച്ച താരത്തിന് കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ സാധിച്ചിരുന്നില്ല.
7 മത്സരങ്ങളില്‍ നിന്ന് 6 വിക്കറ്റുകള്‍ മാത്രമാണ് 2020 ഐപിഎലില്‍ താരം നേടിയത്. തുടര്‍ന്ന് താരത്തെ ചെന്നൈ റിലീസ് ചെയ്യുകയായിരുന്നു. ഇത്രയും കോടി രൂപ കൊടുത്ത് പിയൂഷിനെ സ്വന്തമാക്കിയതിന് മുംബൈയുടെ തീരുമാനം പാളിയെന്ന് പലരും അഭിപ്രായപ്പെട്ടുവെങ്കിലും മുംബൈ ഇന്ത്യന്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കൂടിയായ സഹീര്‍ പറയുന്നത് ടീമിലെ യുവ താരങ്ങള്‍ക്ക് പിയൂഷില്‍ നിന്ന് ഏറെക്കാര്യങ്ങള്‍ പഠിക്കാനാകുമെന്നാണ്.