ഐപിഎലില്‍ പഞ്ചാബ് കിംഗ്സിന് 37 റൺസിന്റെ വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 236/5 എന്ന സ്കോര്‍ നേടിയ പഞ്ചാബ് എതിരാളികളായ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 199 റൺസിൽ എറിഞ്ഞൊതുക്കിയാണ് പഞ്ചാബിന്റെ വിജയം. ആയുഷ് ബദോനിയും അബ്ദുള്‍ സമദും നടത്തിയ ചെറുത്ത്നില്പാണ് തോൽവി ഭാരം കുറയ്ക്കാന്‍ ലക്നൗവിനെ സഹായിച്ചത്.
മിച്ചൽ മാര്‍ഷിനെ ആദ്യം പുറത്താക്കിയ അര്‍ഷ്ദീപ് അതേ ഓവറിൽ എയ്ഡന്‍ മാര്‍ക്രത്തെയും പുറത്താക്കിയപ്പോള്‍ ലക്നൗ 16/2 എന്ന നിലയിലായിരുന്നു. സ്കോര്‍ 27ൽ നിൽക്കുമ്പോള്‍ നിക്കോളസ് പൂരനെയും അര്‍ഷ്ദീപ് തന്നെ പുറത്താക്കി. ഋഷഭ് പന്തും ആയുഷ് ബദോനിയും ചേര്‍ന്ന് പവര്‍പ്ലേ വരെ കൂടുതൽ നഷ്ടമില്ലാതെ ടീമിനെ എത്തിച്ചു. 38 റൺസായിരുന്നു പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ലക്നൗ നേടിയത്.
ഈ കൂട്ടുകെട്ട് 31 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 18 റൺസ് നേടിയ ഋഷഭ് പന്തിനെ അസ്മത്തുള്ള ഒമര്‍സായി പുറത്താക്കി. തന്റെ അടുത്ത ഓവറിൽ ഡേവിഡ് മില്ലറെയും അസ്മത്തുള്ള പുറത്താക്കിയപ്പോള്‍ ലക്നൗ 73/5 എന്ന നിലയിലേക്ക് വീണു.
അവിടെ നിന്ന് ലക്നൗ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി ആയുഷ് ബദോനിയും അബ്ദുള്‍ സമദും ബാറ്റ് വീശുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ 81 റൺസാണ് നേടിയത്. അബ്ദുള്‍ സമദിനെ പുറത്താക്കി മാര്‍ക്കോ ജാന്‍സെന്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 24 പന്തിൽ 45 റൺസാണ് സമദിന്റെ സ്കോര്‍.
40 പന്തിൽ 77 റൺസ് നേടിയ ബദോനി 20ാം ഓവറിന്റെ ആദ്യ പന്തിൽ പുറത്തായപ്പോള്‍ പഞ്ചാബ് 37 റൺസ് വിജയം കരസ്ഥമാക്കി. ലക്നൗ 7 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്.