ഗുജറാത്ത് ടൈറ്റന്‍സിന് മുന്നിൽ 243 റൺസ് എന്ന വലിയ ലക്ഷ്യം നൽകിയ പഞ്ചാബിന് 11 റൺസ് വിജയം. ഗുജറാത്ത് 5 വിക്കറ്റ് നഷ്ടത്തിൽ 232 റൺസ് നേടി മികച്ച വെല്ലുവിളി പഞ്ചാബിനെതിരെ ഉയര്‍ത്തിയെങ്കിലും വിജയം ശ്രേയസ്സ് അയ്യരും കൂട്ടരും സ്വന്തമാക്കി.
സായി സുദര്‍ശനും ഗില്ലും ബട്‍ലറും റൂഥര്‍ഫോര്‍ഡും എല്ലാം റൺസ് കണ്ടെത്തിയെങ്കിലും ഇംപാക്ട് പ്ലേയറായി എത്തിയ വിജയകുമാര്‍ വൈശാഖ് എറിഞ്ഞ തന്റെ ആദ്യ രണ്ട് ഓവറുകള്‍ മത്സരഗതിയെ ഒരു പരിധി വരെ പഞ്ചാബ് പക്ഷത്താക്കുവാന്‍ സഹായിച്ചിട്ടുണ്ട്.
ശുഭ്മന്‍ ഗില്ലിനെ ആദ്യം നഷ്ടമാകുമ്പോള്‍ ഗുജറാത്ത് 61 റൺസാണ് 5.5 ഓവറിൽ നേടിയത്. ഗിൽ 14 പന്തിൽ 33 റൺസ് നേടി മടങ്ങുകയായിരുന്നു. മെല്ലെ തുടങ്ങിയ സായി സുദര്‍ശന്‍ തന്റെ ഇന്നിംഗ്സിന് വേഗത നൽകിയപ്പോള്‍ ജോസ് ബട്‍ലറുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ താരം 84 റൺസാണ് നേടിയത്.
ഗില്ലിനെ മാക്സ്വെൽ പുറത്താക്കിയപ്പോള്‍ അര്‍ഷ്ദീപിനാണ് 41 പന്തിൽ 74 റൺസ് നേടിയ സായി സുദര്‍ശന്റെ വിക്കറ്റ്.
സായി സുദര്‍ശന്‍ പുറത്തായ ശേഷം ജോസ് ബട്‍ലറും ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡും ചേര്‍ന്ന് 54 റൺസ് കൂടി മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ വിജയകുമാര്‍ വൈശാഖ് കണിശതയോടെ പന്തെറിഞ്ഞത് പഞ്ചാബിന് നേരിയ മേൽക്കൈ മത്സരത്തിൽ നൽകി. 18ാം ഓവറിൽ 33 പന്തിൽ 54 റൺസ് നേടിയ ജോസ് ബട്‍ലറെ മാര്‍ക്കോ ജാന്‍സന്‍ പുറത്താക്കിയപ്പോള്‍ ഗുജറാത്തിന് 2 ഓവറിൽ 45 റൺസായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്.
19ാം ഓവറിൽ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് വിജയകുമാര്‍ വൈശാഖിനെതിരെ രണ്ട് ബൗണ്ടറി നേടി. ഓവറിലെ അവസാന പന്തിൽ നിന്ന് തെവാത്തിയ ഒരു സിക്സ് കൂടി നേടിയപ്പോള്‍ 18 റൺസ് ആ ഓവറിൽ പിറന്നു. ഇതോടെ അവസാന ഓവറിലെ വിജയലക്ഷ്യം 27 റൺസായി മാറി.
അവസാന ഓവറിലെ ആദ്യ പന്തിൽ രാഹുല്‍ തെവാത്തിയ നിര്‍ഭാഗ്യകരമായ രീതിയിൽ റണ്ണൗട്ട് ആയപ്പോള്‍ അടുത്ത പന്തിൽ റൂഥര്‍ഫോര്‍ഡ് ഒരു സിക്സ് നേടി. തൊട്ടടുത്ത പന്തിൽ ഒരു ഡബിള്‍ താരം നേടിയെങ്കിലും 28 പന്തിൽ 46 റൺസ് നേടിയ റൂഥര്‍ഫോര്‍ഡിനെ പുറത്താക്കി അര്‍ഷ്ദീപ് മത്സരം പഞ്ചാബിന്റെ പക്ഷത്താക്കി.