കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന് പിന്തുണയുമായി ക്യാപ്റ്റൻ ദിനേശ് കാർത്തിക്. മുംബൈ ഇന്ത്യൻസിനെതിരായ കൊൽക്കത്തയുടെ ആദ്യ മത്സരത്തിൽ പാറ്റ് കമ്മിൻസിന്റെ മോശം ബൗളിംഗിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. മത്സരത്തിൽ 3 ഓവർ പന്തെറിഞ്ഞ കമ്മിൻസ് 49 റൺസും വിട്ടുകൊടുത്തിരുന്നു. തുടർന്നാണ് താരത്തിനെതിരെ കടുത്ത വിമർശനം ഉയർന്നത്.
എന്നാൽ താരത്തിന് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണെന്ന് ദിനേശ് കാർത്തിക് പറഞ്ഞു. മത്സരം തുടങ്ങാൻ 2 മണിക്കൂർ മാത്രം ബാക്കിയുള്ള സമയത്താണ് താരത്തിന് കളിക്കാൻ അനുമതി ലഭിച്ചതെന്നും അതുകൊണ്ട് താരത്തിനെതിരെയുള്ള വിമർശനം ശരിയല്ലെന്നും കാർത്തിക് പറഞ്ഞു. ഒരു മത്സരം കൊണ്ട് താരത്തെ വിലയിരുത്തരുതെന്നും കമ്മിൻസ് ചാമ്പ്യൻ ബൗളർ ആണെന്നും കാർത്തിക് പറഞ്ഞു.
നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച ബൗളറാണ് കാമിൻസ് എന്നും താരത്തിന്റെ കഴിവിൽ ടീമിന് വിശ്വാസം ഉണ്ടെന്നും താരം മികച്ച പ്രകടനവും പുറത്തെടുക്കുമെന്നും കാർത്തിക് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വിലപിടിപ്പുള്ള താരമായാണ് പാറ്റ് കമ്മിൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തുന്നത്. 15.5 കോടി രൂപ മുടക്കിയാൻ കമ്മിൻസിനെ കൊൽക്കത്ത ലേലത്തിൽ സ്വന്തമാക്കിയിരുന്നത്.