ഐപിഎലില്‍ ലക്നൗവിന്റെ വെടിക്കെട്ട് ബാറ്റിംഗ് നിരയെ 166 റൺസില്‍ ഒതുക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ക്യാപ്റ്റന്‍ ഋഷഭ് പന്ത് നേടിയ 63 റൺസാണ് ലക്നൗവിനെ 7 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് എത്തിച്ചത്.
ടോസ് നേടി ചെന്നൈ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യ ഓവറിൽ തന്നെ എയ്ഡന്‍ മാര്‍ക്രത്തെ ഖലീൽ അഹമ്മദ് പുറത്താക്കി. നിക്കോളസ് പൂരനെ അന്‍ഷുൽ കാംബോജ് വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോള്‍ ലക്നൗ ** എന്ന നിലയിലായിരുന്നു. മൂന്നാം വിക്കറ്റിൽ 50 റൺസ് കൂട്ടിചേര്‍ത്ത് മാര്‍ഷ് – പന്ത് കൂട്ടുകെട്ട് ലക്നൗവിനെ മുന്നോട്ട് നയിച്ചുവെങ്കിലും രവീന്ദ്ര ജഡേജ മിച്ചൽ മാര്‍ഷിനെ പുറത്താക്കി. 25 പന്തിൽ 30 റൺസായിരുന്നു മാര്‍ഷ് നേടിയത്.
നാലാം വിക്കറ്റിൽ പന്തും ആയുഷ് ബദോനിയും ചേര്‍ന്ന് 32 റൺസ് കൂടി നേടിയെങ്കിലും അനായാസ സ്റ്റംപിംഗിലൂടെ എംഎസ് ധോണി ബദോനിയെ പുറത്താക്കി. 22 റൺസ് ആണ് ബദോനി നേടിയത്. രവീന്ദ്ര ജഡേജയ്ക്കായിരുന്നു വിക്കറ്റ്.
അഞ്ചാം വിക്കറ്റിൽ അബ്ദുള്‍ സമദുമായി പന്ത് നേടിയ 54 റൺസാണ് ടീം സ്കോര്‍ 150 കടത്തിയത്. 19ാം ഓവറിൽ ഖലീൽ അഹമ്മദിനെ പന്തും അബ്ദുള്‍ സമദും ഓരോ സിക്സ് നേടിയപ്പോള്‍ ഓവറിൽ നിന്ന് 16 റൺസാണ് പിറന്നത്.
അവസാന ഓവറിൽ 20 റൺസ് നേടിയ സമദ് റണ്ണൗട്ടായപ്പോളാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. തൊട്ടടുത്ത പന്തിൽ പതിരാനയ്ക്ക് വിക്കറ്റ് നൽകി പന്ത് മടങ്ങുമ്പോള്‍ 49 പന്തിൽ നിന്ന് 4 സിക്സും 4 ഫോറും അടക്കം 63 റൺസ് നേടിയിട്ടുണ്ടായിരുന്നു.