പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഐപിഎല്‍ കളിക്കാതിരുന്ന സണ്‍റൈസേഴ്സ് മുന്‍ നായകന് ഡേവിഡ് വാര്‍ണര്‍ ടീമിലേക്ക് തിരികെ എത്തിയെങ്കിലും തന്റെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം ടീമിനെ നയിച്ച് ഐപിഎല്‍ റണ്ണേഴ്സ് അപ്പ് ആക്കി മാറ്റിയ കെയിന്‍ വില്യംസണ് തന്നെയാണ് ടീമിനെ ഇപ്പോളും നയിക്കുന്നത്. വില്യംസണ് കളിക്കാത്ത മത്സരങ്ങളില്‍ ടീമിനെ ഭുവനേശ്വര്‍ കുമാര്‍ നയിച്ചു.
മികച്ച ഫോമില്‍ കളിയ്ക്കുന്ന വാര്‍ണര്‍ 400 റണ്‍സുമായി ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണെങ്കിലും അത്രയധികം വിജയങ്ങള്‍ ടീമിനായി നേടിക്കൊടുക്കുവാന്‍ വാര്ണര്ക്കുമായിട്ടില്ല. വാര്‍ണര്‍-ബൈര്‍സ്റ്റോ കൂട്ടുകെട്ട് തകര്‍ന്നാല്‍ സണ്‍റൈസേഴ്സ് തകരുന്ന കാഴ്ചയാണ് ഈ ടൂര്‍ണ്ണമെന്റിലെ പതിവ് കാഴ്ചയായി മാറിയിരിക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം മത്സരമാണ് സണ്‍റൈസേഴ്സ് തങ്ങളുടെ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടത്. 15 റണ്‍സിനു അവസാന 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ടീമിന്റെ തകര്‍ച്ച. മനീഷ് പാണ്ടേയെയും യൂസഫ് പത്താനെയും പുറത്താക്കിയ ടീമിന്റെ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് മാനേജ്മെന്റിന്റെ തീരുമാനമാണെന്നും താന്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്ന സംഘത്തിന്റെ ഭാഗമല്ലെന്നുമാണ് വാര്‍ണര്‍ പറഞ്ഞത്.
എന്താണ് മാനേജ്മെന്റിനെ അത്തരം തീരുമാനത്തിലേക്ക് എത്തുവാന്‍ പ്രേരിപ്പിച്ചതെന്ന് അറിയില്ല, എന്നാലും അനുഭവസമ്പത്തുള്ള താരങ്ങളെ പുറത്താക്കിയാല്‍ അത് ടീമിനെ ഏറെ ബാധിക്കുമെന്നും വാര്‍ണര്‍ പറഞ്ഞു. പുതുതായി വരുന്ന താരങ്ങള്‍ക്ക് വന്നയുടനെ കളിയ്ക്കുവാനും പാടാണെന്ന് വാര്‍ണര്‍ പറഞ്ഞു.