ടീം തോറ്റത് നാലാമത്തെ മത്സരം, പരിഭ്രാന്തി വേണ്ടെന്ന് രഹാനെ

Sports Correspondent

തന്റെ ടീമിന്റെ നാലാമത്തെ തോല്‍വി കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഏറ്റു വാങ്ങിയെങ്കിലും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനയെ ഇത് ബാധിച്ച ലക്ഷണമില്ല. പോയിന്റ് ടേബിളില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു തൊട്ടു മുമ്പിലുള്ള ടീം അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് നേടിയത്. അതും എല്ലാ മത്സരവും തോറ്റ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് മാത്രം.

എന്നാല്‍ ടീമിന്റെ പ്രകടനത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനെ പറയുന്നത്. 139 റണ്‍സില്‍ ടീമിനെ നിയന്ത്രിച്ച ശേഷം കൊല്‍ക്കത്തയ്ക്കായി ക്രിസ് ലിന്നും സുനില്‍ നരൈനും സംഹാര താണ്ഡവമാടിയപ്പോള്‍ 13.5 ഓവറില്‍ കെകെആര്‍ വിജയം ഉറപ്പാക്കിയിരുന്നു.

തങ്ങള്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു തോല്‍വി മാത്രമാണ് ദയനീയമായതെന്നാണ് രഹാനെയുടെ വിശദീകരണം. നാല് മത്സരങ്ങളില്‍ ടീം നന്നായി കളിച്ചു. ഒരെണ്ണം ജയിച്ചു. മറ്റ് മൂന്ന് മത്സരങ്ങളും ജയിക്കാവുന്നതായിരുന്നുവെന്നാണ് രഹാനെയുടെ വാദം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് മാത്രമാണ് ടീമിന്റെ പ്രകടനം ദയനീയമാതെന്നാണ് രഹാനെയുടെ വെളിപ്പെടുത്തല്‍.