വരും വര്‍ഷങ്ങളില്‍ ഐപിഎല്‍ സമയത്ത് വേറെ രാജ്യങ്ങള്‍ മറ്റു മത്സരങ്ങളില്‍ പങ്കെടുക്കില്ല എന്ന് ഉറപ്പ് വരുത്താന്‍ സമ്മര്‍ദ്ധം ചെലുത്തുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്ന സാഹചര്യത്തില്‍ ഇതിന്മേല്‍ കൂടുതല്‍ വിശദീകരണവുമായി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി. ഐസിസിയുടെ ഫ്യൂച്ചര്‍ ടൂര്‍സ് ആന്‍ഡ് പ്രോഗ്രാം(FTP) 2019 മുതല്‍ ഏപ്രില്‍ മുതല്‍ മേയ് വരെ ഒരു മത്സരവും അല്ലെങ്കില്‍ വളരെ കുറച്ച് മത്സരം മാത്രമേ ഷെഡ്യൂള്‍ ചെയ്യുകയുള്ളു എന്നാണ് അറിയുവാന്‍ കഴിയുന്നത്.
മറ്റു ബോര്‍ഡുകള്‍ക്ക് ഐപിഎലിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലായിട്ടുണ്ടെന്നും തങ്ങളുടെ താരങ്ങള്‍ ഐപിഎല്‍ കളിക്കണമെന്നും അവര്‍ക്ക് ആഗ്രഹമുണ്ടെന്ന് അഭിപ്രായപ്പെട്ട ജോഹ്രി ഇത് ഐപിഎലിന്റെ ശക്തിയെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമാക്കി. ഇംഗ്ലണ്ടിലെ സീസണ്‍ മേയില്‍ ആരംഭിക്കുന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. പക്ഷേ ജോ റൂട്ടുള്‍പ്പെടെയുള്ള കൂടുതല്‍ താരങ്ങള്‍ ഐപിഎലിലേക്ക് എത്തുന്നത് ബോര്‍ഡിന്റെ നിലപാട് മയപ്പെടുത്തുവാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
മറ്റു ബോര്‍ഡുകളില്‍ നിന്ന് ഉയര്‍ന്ന് വന്ന പ്രധാന ആവശ്യം അവരുടെ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുപ്പിക്കുവാന്‍ അവസരം നല്‍കണമെന്നാണ്. പക്ഷേ ബിസിസിഐ തങ്ങളുടെ പഴയ നിലപാടില്‍ അയവ് വരുത്തുവാന്‍ ഒരു സാധ്യതയുമില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial