ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ 14 റൺസിന്റെ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 205 റൺസ് വിജയം ലക്ഷ്യം തേടിയിറങ്ങിയ ഡൽഹിയ്ക്ക് 190 റൺസാണ് 9 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്. ഫാഫ് ഡു പ്ലെസിയും അക്സര്‍ പട്ടേലും ഡൽഹി പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തിയെങ്കിലും സുനിൽ നരൈന്‍ നേടിയ മൂന്ന് വിക്കറ്റും വരുൺ ചക്രവര്‍ത്തി നേടിയ രണ്ട് വിക്കറ്റുകളും ടീമിന്റെ താളം തെറ്റിച്ചു. വിപ്‍രാജ് നിഗം പൊരുതി നോക്കിയെങ്കിലും താരത്തിന് അവസാന കടമ്പ കടക്കുവാന്‍ ടീമിനെ സഹായിക്കാനായില്ല.
ആദ്യ ഓവറിൽ തന്നെ അഭിഷേക് പോറെലിനെ നഷ്ടമായി ഡൽഹിയെ ഫാഫ് ഡു പ്ലെസിയും കരുൺ നായരും ചേര്‍ന്ന് 39 റൺസ് നേടി.58/2 എന്ന നിലയിലായിരുന്നു പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഡൽഹി ക്യാപിറ്റൽസ്. കെഎൽ രാഹുല്‍ റണ്ണൗട്ട് ആയെങ്കിലും ഡു പ്ലെസിയുംഅക്സറും ചേര്‍ന്ന് പത്തോവറിൽ ഡൽഹിയെ 97/3 എന്ന നിലയിലേക്ക് എത്തിച്ചു.
76 റൺസ് നേടിയ ഈ നാലാം വിക്കറ്റ് കൂട്ടുകെട്ടിനെ സുനിൽ നരൈന്‍ ആണ് തകര്‍ത്തത്. 23 പന്തിൽ 43 റൺസ് നേടിയ അക്സര്‍ പട്ടേലിനെ നരൈന്‍ പുറത്താക്കിയപ്പോള്‍ അതേ ഓവറിൽ ട്രിസ്റ്റന്‍ സ്റ്റബ്സിനെയും നരൈന്‍ പുറത്താക്കി. ഇതോടെ 138/5 എന്ന നിലയിലേക്ക് ഡൽഹി വീണു.
45 പന്തിൽ 62 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയെയും പുറത്താക്കി സുനിൽ നരൈന്‍ കൊൽക്കത്തയ്ക്ക് മത്സരത്തിൽ മേൽക്കൈ നേടി. അശുതോഷ് ശര്‍മ്മയെയും മിച്ചൽ സ്റ്റാര്‍ക്കിനെയും വരുൺ ചക്രവര്‍ത്തി പുറത്താക്കിയപ്പോള്‍ ഡൽഹിയുടെ പതനം പൂര്‍ത്തിയാക്കി.
ഓള്‍റൗണ്ടര്‍ വിപ്‍രാജ് നിഗം തന്റെ വെടിക്കെട്ട് ബാറ്റിംഗുമായി ഡൽഹിയുടെ പ്രതീക്ഷ കാത്ത് സൂക്ഷിച്ചപ്പോള്‍ അവസാന ഓവറിൽ 25 റൺസായി ഡൽഹിയുടെ വിജയ ലക്ഷ്യം മാറി. 19 പന്തിൽ 38 റൺസ് നേടിയ നിഗം റസ്സലിന് അവസാന ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് നൽകി മടങ്ങി.