ഡൽഹി ക്യാപിറ്റൽസിനെതിരെ 205 റൺസ് നേടി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി തിലക് വര്‍മ്മ 59 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സൂര്യകുമാര്‍ യാദവ്, റയാന്‍ റിക്കൽട്ടൺ, നമന്‍ ധിര്‍ എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. 5 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ഈ സ്കോര്‍ നേടിയത്.
രോഹിത് ശര്‍മ്മയും റയാന്‍ റിക്കൽട്ടണും 47 റൺസാണ് ആദ്യ വിക്കറ്റിൽ നേടിയത്. 12 പന്തിൽ 18 റൺസ് നേടിയ രോഹിത്തിനെ വിപ്‍രാജ് നിഗം വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. സ്കോര്‍ 75ൽ നിൽക്കെ 25 പന്തിൽ 41 റൺസ് നേടിയ റയാന്‍ റിക്കൽട്ടണിനെ കുൽദീപ് യാദവ് ബൗള്‍ഡ് ആക്കുകയായിരുന്നു.
മൂന്നാം വിക്കറ്റിൽ സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ്മ കൂട്ടുകെട്ട് 60 റൺസ് നേടി മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു. 28 പന്തിൽ നിന്ന് 40 റൺസ് നേടിയ സൂര്യകുമാറിനെ വീഴ്ത്തി കുൽദീപ് തന്റെ രണ്ടാം വിക്കറ്റ് നേടി.
സ്കൈയ്ക്ക് പകരമെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിപ്‍രാജ് നിഗം പുറത്താക്കിയപ്പോള്‍ മുംബൈ 138/4 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് തിലക് വര്‍മ്മയും നമന്‍ ധിറും ചേര്‍ന്നാണ് മുംബൈയുടെ സ്കോറിംഗ് ഉയര്‍ത്തിയത്.
അഞ്ചാം വിക്കറ്റിൽ 33 പന്തിൽ നിന്ന് 62 റൺസ് നേടിയ തിലക് വര്‍മ്മ – നമന്‍ ധിര്‍ കൂട്ടുകെട്ടാണ് മുംബൈയുടെ സ്കോര്‍ 200ൽ എത്തിച്ചത്. 33 പന്തിൽ 59 റൺസാണ് തിലക് വര്‍മ്മ നേടിയത്. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്.
നമന്‍ ധിര്‍ 17 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു.