ചുറ്റും വിക്കറ്റുകള്‍ വീണപ്പോളും ഒരറ്റത്ത് പൊരുതി നിന്ന ലോകേഷ് രാഹുല്‍ വീണ്ടുമൊരു അര്‍ദ്ധ ശതകം നേടി പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ജസ്പ്രീത് ബുംറയുടെ ഓവറില്‍ താരം പുറത്തായപ്പോള്‍ പഞ്ചാബിന് കാലിടറുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ദീപക് ഹൂഡയും ക്രിസ് ജോര്‍ദ്ദാനും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് വിജയത്തിന് ഒരു റണ്‍സ് അകലെ വരെ ടീമിനെ എത്തിയ്ക്കുകയായിരുന്നു. മൂന്ന് പന്തില്‍ മൂന്ന് എന്ന നിലയില്‍ നിന്ന് ആണ് മത്സരം പഞ്ചാബ് കൈവിട്ടത്.
ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും മയാംഗിനെ(11) പുറത്താക്കി ജസ്പ്രീത് ബുംറയാണ് പഞ്ചാബിന് ആദ്യ പ്രഹരം നല്‍കിയത്. ക്രിസ് ഗെയിലും നിക്കോളസ് പൂരനും 24 റണ്‍സ് വീതം നേടി രാഹുലിന് അല്പനേരം പിന്തുണ നല്‍കിയെങ്കിലും ഗ്ലെന്‍ മാക്സ്വെല്‍ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. 24 പന്തില്‍ ലക്ഷ്യം 37 റണ്‍സായി ക്യാപ്റ്റന്‍ രാഹുലും ദീപക് ഹൂഡയും കുറച്ച് കൊണ്ടു വരികയായിരുന്നു.
എന്നാല്‍ ലക്ഷ്യത്തിന് 24 റണ്‍സ് അകലെ രാഹുലിന്റെ വിക്കറ്റ് നഷ്ടമായതോടെ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ കാര്യങ്ങള്‍ അവതാളത്തിലായി. അവസാന രണ്ടോവറില്‍ 22 റണ്‍സായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ് ലഭിച്ചത്. 51 പന്തില്‍ നിന്ന് 77 റണ്‍സാണ് രാഹുല്‍ നേടിയത്. അഞ്ചാം വിക്കറ്റില്‍ ഹൂഡയുമായി ചേര്‍ന്ന് 38 റണ്‍സാണ് രാഹുല്‍ നേടിയത്.
നഥാന്‍ കോള്‍ട്ടര്‍-നൈല്‍ എറിഞ്ഞ 19ാം ഓവറില്‍ നിന്ന് 13 റണ്‍സ് പിറന്നപ്പോള്‍ പഞ്ചാബിന് അവസാന ഓവറില്‍ ജയിക്കുവാന്‍ 9 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
അവസാന ഓവറിലെ തുടക്കം മികച്ചതായിരുന്നു പഞ്ചാബിന്. ലക്ഷ്യം മൂന്ന് പന്തില്‍ മൂന്നായി ചുരുക്കിയെങ്കിലും അവിടെ നിന്ന് വിജയം കൈവിടുന്നതാണ് കണ്ടത്. അവസാന പന്തില്‍ രണ്ട് റണ്‍സിനായി ഓടുന്നതിനിടെ ക്രിസ് ജോര്‍ദ്ദന്‍ പുറത്തായപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. 176 റണ്‍സാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് നേടിയത്.
8 പന്തില്‍ 13 റണ്‍സുമായി ജോര്‍ദ്ദനും 16 പന്തില്‍ 26 റണ്‍സ് നേടി ദീപക് ഹൂഡയുമാണ് പഞ്ചാബിനെ ടൈയിലേക്ക് എത്തിച്ചത്.