ക്വിന്റണ്‍ ഡി കോക്കും രോഹിത്ത് ശര്‍മ്മയും തുടക്കത്തില്‍ നല്‍കിയ വെടിക്കെട്ട് പ്രകടനത്തിനു ശേഷം മുംബൈയെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദത്തിലാക്കുവാന്‍ രാജസ്ഥാനു സാധിച്ചുവെങ്കിലും 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് മുംബൈ നേടി. ഒരു ഘട്ടത്തില്‍ 200നു മുകളില്‍ സ്കോര്‍ ചെയ്യാനാകുമെന്ന് മുംബൈ കരുതിയെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ വിക്കറ്റുകള്‍ തുടരെ വീണതാണ് ടീമിനു തിരിച്ചടിയായത്.
ഒന്നാം വിക്കറ്റില്‍ ക്വിന്റണ്‍ ഡി കോക്കും രോഹിത് ശര്‍മ്മയും മുംബൈയ്ക്കായി 10.5 ഓവറില്‍ 96 റണ്‍സാണ് നേടിയത്. തങ്ങള്‍ ചെയ്യുന്നതൊന്നും ശരിയാകാതെ പതറുന്ന സമയത്താണ് ജോഫ്ര ആര്‍ച്ചര്‍ രോഹിത് ശര്‍മ്മയെ പുറത്താക്കി രാജസ്ഥാന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. 32 പന്തില്‍ നിന്ന് 47 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. 6 ഫോറും 1 സിക്സുമായിരുന്നു രോഹിത്തിന്റെ നേട്ടം.
രോഹിത് പുറത്തായ ശേഷം സൂര്യകുമാറിനെയും(16) മുംബൈയ്ക്ക് നഷ്ടമായി. സ്കോര്‍ ബോര്‍ഡില്‍ 13.1 ഓവറില്‍ 117 റണ്‍സെന്നായിരുന്നു മുംബൈ അപ്പോള്‍. മത്സരം അവസാന ഓവറുകളിലേക്കെത്തിയപ്പോള്‍ വലിയ ഷോട്ടുകളുതിര്‍ക്കുവാന്‍ കഴിയാതെ പൊള്ളാര്‍ഡും പുറത്തായി. 12 പന്തില്‍ നിന്ന് 6 റണ്‍സാണ് താരം നേടിയത്. ജോഫ്ര തന്നെയാണ് രാജസ്ഥാന് വേണ്ടി വിക്കറ്റ് നേടിയത്.
19ാം ഓവറില്‍ മികച്ചൊരു ക്യാച്ചിലൂടെ ജോസ് ബട്‍ലര്‍ ക്വിന്റണ്‍ ഡി കോക്കിനെ പുറത്താക്കിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് മത്സരത്തിലെ മൂന്നാമത്തെ വിക്കറ്റ് ലഭിച്ചു. 52 പന്തില്‍ നിന്ന് 81 റണ്‍സ് നേടി മടങ്ങുമ്പോള്‍ ഡി കോക്ക് 4 സിക്സും 6 ബൗണ്ടറിയം നേടി. 11 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഹിറ്റിംഗാണ് 187 റണ്‍സിലേക്ക് മുംബൈയെ എത്തിച്ചത്. 3 സിക്സാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയത്.
രാജസ്ഥാന്‍ നിരയില്‍ മൂന്ന് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറിനു പുറമേ ജയ്ദേവ് ഉനഡ്കടും ധവാല്‍ കുല്‍ക്കര്‍ണ്ണിയും ഓരോ വിക്കറ്റ് നേടി. അതേ സമയം ശ്രേയസ്സ് ഗോപാല്‍ 4 ഓവറില്‍ 21 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.