മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന ബാറ്റിംഗ് നിരയ്ക്ക് ശേഷം ബൗളിംഗ് നിരയ്ക്കും കാര്യമായി ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് ഐപിഎലില്‍ നിന്ന് പുറത്തായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇതോടെ മികച്ച റണ്‍റേറ്റിന്റെ ബലത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. 134 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് 23 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 9 വിക്കറ്റ് ജയം സ്വന്തമാക്കുവാനായത്.
23 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ 46 റണ്‍സ് നേടിയ ശേഷമാണ് ഡി കോക്കിന്റെ വിക്കറ്റ് ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ മുംബൈയ്ക്ക നഷ്ടമായി. താരം 3 സിക്സ് നേടിയിരുന്നു. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ നായകന്‍ രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു.
88 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്. 55 റണ്‍സുമായി രോഹിത് ശര്‍മ്മ ടോപ് സ്കോറര്‍ ആയപ്പോള്‍ 46 റണ്‍സ് നേടി സൂര്യകുമാര്‍ യാദവും നിര്‍ണ്ണായക പ്രകടനം നടത്തി. വെറും 27 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ യാദവ് തന്റെ 46 റണ്‍സ് നേടിയത്. 16.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആന്‍ഡ്രേ റസ്സലിനെ സിക്സര്‍ പറത്തിയാണ് സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയം ഉറപ്പാക്കിയത്. കൊല്‍ക്കത്തയ്ക്ക് ലഭിച്ച ഏക വിക്കറ്റ് പ്രസിദ്ധ് കൃഷ്ണയാണ് നേടിയത്.