അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് മുംബൈ ഇന്ത്യൻസിന് ബൗളിങ്ങിൽ കരുത്ത് കൂട്ടേണ്ടത് അനിവാര്യമായിരുന്നെന്ന് മുംബൈ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറും മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറുമായ സഹീർ ഖാൻ. അത് മുൻപിൽ കണ്ട് കൊണ്ടാണ് ട്രേഡ് ഇൻസിൽ താരങ്ങളെ കൈമാറ്റം ചെയ്തതെന്നും സഹീർ ഖാൻ പറഞ്ഞു. മുംബൈ ട്രേഡ് ഇന്നിൽ 12 താരങ്ങളെ റിലീസ് ചെയ്തപ്പോൾ 18 താരങ്ങളെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയിരുന്നു.
കഴിഞ്ഞ വർഷം കിരീടം നേടിയ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ താരങ്ങളെ നിലനിർത്തിയിട്ടുണ്ടെന്നും നിലവിൽ ഹർദിക് പാണ്ട്യക്കും ജസ്പ്രീത് ബുംറക്കുമുള്ള പരിക്ക് മുൻപിൽ കണ്ടുകൊണ്ടാണ് താരങ്ങളെ സ്വന്തമാക്കിയതെന്നും സഹീർ ഖാൻ പറഞ്ഞു. ട്രേഡ് ഇൻസിൽ ബൗളർമാരായ ട്രെന്റ് ബോൾട്ടിനെയും വെസ്റ്റിൻഡീസ് താരം ഷെർഫാൻ റുഥർഫോർഡിനെയും ധവാൽ കുൽക്കർണിയെയും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു. ഡിസംബറിൽ നടക്കുന്ന ലേലത്തിൽ മുംബൈ ഇന്ത്യൻസിന് അഞ്ച് ഇന്ത്യൻ താരങ്ങളെയും രണ്ട് വിദേശ താരങ്ങളെയും മുംബൈ ഇന്ത്യൻസിന് സ്വന്തമാക്കാം.