രോഹിത് ശർമ്മ എവിടെ ബാറ്റ് ചെയ്യുമെന്ന് വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് പരിശീലകൻ

Staff Reporter

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇത്തവണയും ഓപ്പണറായി തന്നെയാവും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുകയെന്നു ടീം പരിശീലകൻ മഹേള ജയവർദ്ധനെ. രോഹിത് ശർമ്മക്കൊപ്പം ക്വിന്റൺ ഡി കോക്ക് ആവും ഓപ്പൺ ചെയ്യുകയെന്നും ജയവർദ്ധനെ പറഞ്ഞു.

കഴിഞ്ഞ വർഷം ഇരു താരങ്ങളുടെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അതുകൊണ്ട് ഓപ്പണിങ് ജോഡിയെ മാറ്റി പരീക്ഷിക്കാൻ മുംബൈ ഇന്ത്യൻസിന് താല്പര്യം ഇല്ലെന്നും പരിശീലകൻ പറഞ്ഞു. ഈ സീസണിൽ ക്രിസ് ലിൻ മുംബൈ ഇന്ത്യൻസിലേക്ക് എത്തിയെങ്കിലും ഓപ്പണിങ് ജോഡിയെ മാറ്റി പരീക്ഷിക്കാൻ മുംബൈ ഇന്ത്യൻസ് തയ്യാറല്ലെന്നാണ് പരിശീലകൻ പറഞ്ഞത്.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ടൂർണമെന്റ് മുഴുവൻ താൻ ഓപ്പണറായിരുന്നെന്നും ഇത്തവണയും അത് തുടരാനാണ് തീരുമാനമെന്ന് രോഹിത് ശർമ്മ പറഞ്ഞു. എന്നാൽ ടീം എന്താണോ ആവാശ്യപ്പെടുന്നത് അവിടെ കളിക്കാൻ താൻ തയ്യാറാണെന്നും രോഹിത് ശർമ്മ പറഞ്ഞു.