മികച്ച തുടക്കത്തിനു ശേഷം മുംബൈ ഇന്ത്യന്‍സിനെ വരുതിയിലാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്

Sports Correspondent

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡി കോക്കും നല്‍കിയ സ്വപ്ന തുടക്കത്തിനു ശേഷം മുംബൈ ഇന്ത്യന്‍സിന്റെ റണ്ണൊഴുക്കിനു തടയിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ്. മത്സരത്തില്‍ ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് മുംബൈയെ ബാറ്റിംഗിനയയ്ച്ചു. തുടര്‍ന്ന് പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ 50 റണ്‍സ് മുംബൈ കടക്കുകയായിരുന്നു. 19 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ രോഹിത്തിനെയാണ് മുംബൈയ്ക്ക് ആദ്യം നഷ്ടമായത്. താരത്തിനെ ഹാര്‍ഡസ് വില്‍ജോയന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ രോഹിത് തീരുമാനം റിവ്യൂ ചെയ്യാതിരുന്നത് മത്സരത്തിലെ ടേണിംഗ് പോയിന്റായി മാറി. റിവ്യൂ പ്രകാരം അത് ഔട്ട് ആവില്ലായിരുന്നുവെന്നാണ് റിപ്ലേകള്‍ കാണിച്ചത്.

രോഹിത് മടങ്ങി അടുത്ത ഓവറില്‍ മുംബൈയ്ക്ക് സൂര്യകുമാര്‍ യാദവിനെ(11) നഷ്ടമായി. മുരുഗന്‍ അശ്വിനായിരുന്നു വിക്കറ്റ്. അതേ സമയം തന്റെ വേഗതയേറിയ ഇന്നിംഗ്സ് തുടര്‍ന്ന ക്വിന്റണ്‍ ഡി കോക്ക് തന്റെ അര്‍ദ്ധ ശതകം തികച്ചു. 39 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ ഡി കോക്കിനെ മുഹമ്മദ് ഷമി പുറത്താക്കിയപ്പോള്‍ 18 റണ്‍സ് നേടിയ യുവരാജ് സിംഗിനെ പുറത്താക്കി മുരുഗന്‍ അശ്വിന്‍ തന്റെ രണ്ടാം വിക്കറ്റ് നേടി. 4 ഓവറില്‍ വെറും 25 റണ്‍സിനാണ് മുരുഗന്‍ അശ്വിന്‍ തന്റെ രണ്ട് വിക്കറ്റുകള്‍ നേടിയത്.

19 പന്തില്‍ 31 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയും അവസാന ഓവറില്‍ പുറത്തായപ്പോള്‍ മുംബൈയുടെ ഇന്നിംഗ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സില്‍ അവസാനിച്ചു. മുരുഗന്‍ അശ്വിനു പുറമെ മുഹമ്മദ് ഷമി, ഹാര്‍ഡസ് വില്‍ജോയന്‍ എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. ആന്‍ഡ്രൂ ടൈയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.