ഫോമിലേക്ക് മടങ്ങിയെത്തി ക്വിന്റണ്‍ ഡി കോക്ക്, ക്രുണാല്‍ പാണ്ഡ്യയുടെ തകര്‍പ്പനടിയില്‍ 200 കടന്ന് മുംബൈ ഇന്ത്യന്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഈ സീസണിലെ റണ്‍സ് വരള്‍ച്ച അവസാനിപ്പിച്ച് ക്വിന്റണ്‍ ഡി കോക്ക്. ഇന്ന് സണ്‍റൈസേഴ്സിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമാകുകയായിരുന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്.

Rohitsandeep

രോഹിത്തിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സായിരുന്നു മുംബൈ നേടിയത്. പിന്നീട് 42 റണ്‍സ് നേടിയ ഡി കോക്ക് – സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ടിനെ സിദ്ധാര്‍ത്ഥ് കൗള്‍ തകര്‍ക്കുകയായിരുന്നു. സൂരക്യകുമാര്‍ യാദവ് ആണ് കൂട്ടുകെട്ടില്‍ കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയത്. 18 പന്തില്‍ നിന്ന് 27 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

പിന്നീട് ക്വിന്റണ്‍ ഡി കോക്ക് തന്റെ ബാറ്റിംഗ് ടോപ് ഗിയറിലേക്ക് മാറ്റി സണ്‍റൈസേഴ്സ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു.  പത്തോവറില്‍ 90/2 എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്. മറുവശത്ത് ഇഷാന്‍ കിഷനും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ 13 ഓവറില്‍ 126/2 എന്ന നിലയിലേക്ക് മുംബൈ നീങ്ങി.

45 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ റഷീദ് ഖാന്‍ തകര്‍ത്തു. 39 പന്തില്‍ നിന്ന് 67 റണ്‍സാണ് ഡി കോക്ക് നേടിയത്. 23 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ മികച്ചൊരു ക്യാച്ചിലൂടെ മനീഷ് പാണ്ടേ പിടിച്ചപ്പോള്‍ സന്ദീപ് ശര്‍മ്മയ്ക്ക് തന്റെ രണ്ടാം വിക്കറ്റ് ലഭിച്ചു.

അവസാന ഓവറുകളില്‍ പൊള്ളാര്‍ഡ്-ഹാര്‍ദ്ദിക് കൂട്ടുകെട്ടിനെയാണ് മുംബൈ ആശ്രയിച്ചതെങ്കിലും കഴിഞ്ഞ മത്സരങ്ങളിലെ തരത്തിലുള്ള സ്കോറിംഗ് വേഗത ടീമിന് കൈവരിക്കാനായില്ല. 26 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ ഹാര്‍ദ്ദിക് -പൊള്ളാര്‍ഡ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനെ സിദ്ധാര്‍ത്ഥ് കൗള്‍ തകര്‍ക്കുകയായിരുന്നു. 19 പന്തില്‍ നിന്നാണ് ഹാര്‍ദ്ദിക് 28 റണ്‍സ് നേടിയത്.

Pollardhardik

പാണ്ഡ്യ പുറത്തായ ശേഷം അവസാന നാല് പന്തുകള്‍ കളിക്കുവാനെത്തിയ ക്രുണാല്‍ പാണ്ഡ്യ 2 സിക്സും 2 ഫോറും സഹിതം 20 റണ്‍സ് നേടിയപ്പോള്‍ മുംബൈ 208 എന്ന സ്കോറിലേക്ക് എത്തി. കൈറണ്‍ പൊള്ളാര്‍ഡ് 13 പന്തില്‍ 25 റണ്‍സ് നേടി.

അവസാന ഓവറില്‍ സിദ്ധാര്‍ത്ഥ് കൗള്‍ 21 റണ്‍സ് വഴങ്ങിയപ്പോള്‍ തന്റെ നാലോവര്‍ സ്പെല്ലില്‍ 64 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റ് നേടി. സന്ദീപ് ശര്‍മ്മയ്ക്കും രണ്ട് വിക്കറ്റ് നേടി. ടി നടരാജനും റഷീദ് ഖാനും റണ്‍സ് വിട്ട് നല്‍കാതെ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു.