ഐപില്‍ പെരുമാറ്റ ചട്ടം ലംഘിച്ച് ഗ്രൗണ്ടില്‍ കയറി അമ്പയറുടെ തീരൂമാനത്തെ ചോദ്യം ചെയ്തതിനു എംഎസ് ധോണിയ്ക്ക് പിഴ. താരത്തിനെതിരെ മാച്ച് ഫീസിന്റെ 50 ശതമാനമാണ് പിഴയായി ചുമത്തിയത്. ഐപിഎലില്‍ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിന്റെ അവസാന ഓവറിലാണ് സംഭവം. ബെന്‍ സ്റ്റോക്സ് എറിഞ്ഞ ഓവറിലെ ഒരു പന്ത് ഹൈറ്റ് നോബോളിനായി പ്രധാന അമ്പയര്‍ ആദ്യ നോബോളിനായി കൈയ്യുയര്‍ത്തിയെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു.
ഹെറ്റിനുള്ള നോബോള്‍ വിളിക്കുക തന്റെ ചുമതലയല്ലെന്ന തിരിച്ചറിവാവാം പ്രധാന അമ്പയര്‍ ഉല്‍ഹാസ് ഗാന്ധേയെ ഈ തിരുത്തലിനു കാരണമാക്കിയത്. ലെഗ് അമ്പയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡ് പ്രധാന അമ്പയറെ തിരുത്തുകയായിരുന്നുവെന്ന് വേണം മനസ്സിലാക്കുവാന്‍. എന്നാല്‍ മത്സരത്തിന്റെ ആവേശത്തില്‍ ക്യാപ്റ്റന്‍ കൂള്‍ തന്റെ കൂള്‍ സ്വഭാവം കൈവിടുന്നതും പതിവിനു വിപരീതമായി ഗ്രൗണ്ടില്‍ ഇറങ്ങി തീരുമാനം ചോദ്യം ചെയ്യുന്നതുമാണ് പിന്നീട് കണ്ടത്.
ഇതിനിടെ ധോണിയ്ക്കെതിരെ ബെന്‍ സ്റ്റോക്സും മറ്റു രാജസ്ഥാന്‍ താരങ്ങളും തര്‍ക്കവുമായി എത്തിയെങ്കിലും തീരുമാനം നിലനില്‍ക്കുമെന്ന് അമ്പയര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ധോണി ഡഗ്ഔട്ടിലേക്ക് വീണ്ടും മടങ്ങി.