ഐപിഎലില്‍ ഡൽഹിയുടെ ബൗളിംഗ് മികവിന് മുന്നിൽ പതറിയ ചെന്നൈയെ അവസാന ഓവറുകളിൽ റണ്ണടിച്ച് കൂട്ടി 167 റൺസിലേക്ക് എത്തിച്ച് രവീന്ദ്ര ജഡേജ – എംഎസ് ധോണി കൂട്ടുകെട്ട്. 38 റൺസ് കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ നേടി ഈ കൂട്ടുകെട്ട് ചെന്നൈയെ മാന്യമായ സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. മത്സരത്തിന്റെ 19ാം ഓവറിൽ ധോണിയുടെ മികവിൽ ലഭിച്ച 21 റൺസ് ചെന്നൈയ്ക്ക് വലിയ തുണയായി മാറുകയായിരുന്നു.
മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് ഓപ്പണര്‍മാര്‍ നൽകിയത്. എന്നാൽ അക്സര്‍ പട്ടേൽ ബൗളിംഗിനെത്തി ഡെവൺ കോൺവേയെ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ 4.1 ഓവറിൽ ചെന്നൈ 32 റൺസാണ് നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 49/1 എന്ന നിലയിലായിരുന്ന ചെന്നൈയ്ക്ക് റുതുരാജിന്റെ വിക്കറ്റ് അടുത്തതായി നഷ്ടമായി. 24 റൺസായിരുന്നു റുതുരാജിന്റെ സംഭാവന.
മോയിന്‍ അലിയെയും അജിങ്ക്യ രഹാനെയെയും(21) ചെന്നൈയ്ക്ക് നഷ്ടപ്പെട്ടപ്പോള്‍ ടീം 77/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ശിവം ഡുബേയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് 36 റൺസ് അഞ്ചാം വിക്കറ്റിൽ നേടുകയായിരുന്നു. ഡുബേ 12 പന്തിൽ 25 റൺസ് നേടി പുറത്തായപ്പോള്‍ റായിഡു 23 റൺസ് നേടി പുറത്തായി.
ഖലീൽ അഹമ്മദ് എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും ധോണി നേടിയപ്പോള്‍ ഓവറിൽ നിന്ന് 21 റൺസാണ് വന്നത്. അവസാന ഓവറിൽ രവീന്ദ്ര ജഡേജയെയും എംഎസ് ധോണിയെയും പുറത്താക്കി മിച്ചൽ മാര്‍ഷ് ചെന്നൈയുടെ സ്കോര്‍ 167/8 എന്ന നിലയിലാക്കി. ധോണി 9 പന്തിൽ 20 റൺസും ജഡേജ 16 പന്തിൽ 21 റൺസുമാണ് നേടിയത്.