സൺറൈസേഴ്സ് ഹൈദ്രാബാദ് നൽകിയ 163 റൺസ് വിജയ ലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ മത്സരത്തിൽ 277 റൺസ് നേടി ഹൈദ്രാബാദ് ബാറ്റിംഗിനെ 162 റൺസിലൊതുക്കിയ ഗുജറാത്ത് ബൗളര്‍മാരുടെ പ്രകടനത്തിന് മികച്ച പിന്തുണയുമായി ബാറ്റിംഗ് നിരയും അണിനിരന്നപ്പോള്‍ 7 വിക്കറ്റ് വിജയം ആണ് ഗില്ലും സംഘവും നേടിയത്.
വൃദ്ധിമന്‍ സാഹ 13 പന്തിൽ 25 റൺസ് നേടി നൽകിയ തുടക്കത്തിന്റെ തുടര്‍ച്ചയായി ശുഭ്മന്‍ ഗിൽ, സായി സുദര്‍ശന്‍ എന്നിവരുടെ ബാറ്റിംഗ് മികവ് കൂടിയായപ്പോള്‍ ഗുജറാത്തിന് വിജയം എളുപ്പമായി.
ഒന്നാം വിക്കറ്റിൽ സാഹ – ഗിൽ കൂട്ടുകെട്ട് 4.1 ഓവറിൽ 36 റൺസാണ് നേടിയത്. ഗില്ലും സായി സുദര്‍ശനും രണ്ടാം വിക്കറ്റിൽ 38 റൺസ് കൂടി നേടിയപ്പോള്‍ 28 പന്തിൽ 36 റൺസ് നേടി ഗില്ലിന്റെ വിക്കറ്റ് ടീമിന് നഷ്ടമായി.
തുടര്‍ന്ന് സായി സുദര്‍ശന്‍ – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട് നേടിയ 64 റൺസാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 49 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്. മയാംഗ് മാര്‍ക്കണ്ടേ എറിഞ്ഞ 16ാം ഓവറിൽ അതുവരെ പതിഞ്ഞ വേഗതയിൽ കളിക്കുകയായിരുന്ന ഡേവിഡ് മില്ലര്‍ ഉഗ്രരൂപം പൂണ്ട് ഒരു ഫോറും ഒരു സിക്സും മില്ലര്‍ നേടിയപ്പോള്‍ സായി സുദര്‍ശനും സിക്സര്‍ നേടിയപ്പോള്‍ മില്ലര്‍ ഒരു സിക്സ് കൂടി നേടി ഓവര്‍ അവസാനിപ്പിച്ചു.
ഓവറിൽ നിന്ന് 24 റൺസ് പിറന്നപ്പോള്‍ വിജയ ലക്ഷ്യത്തോട് ഗുജറാത്ത് കൂടുതൽ അടുത്തു. 24 പന്തിൽ ലക്ഷ്യം വെറും 25 റൺസായി മാറി. എന്നാൽ സൺറൈസേഴ്സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് ദൗത്യം ഏറ്റെടുത്തപ്പോള്‍ 36 പന്തിൽ 45 റൺസ് നേടിയ സായി സുദര്‍ശന്റെ വിക്കറ്റ് ഗുജറാത്തിന് നഷ്ടമായി.
കമ്മിന്‍സിനെ ഓവറിൽ നിന്ന് രണ്ട് ബൗണ്ടറികള്‍ക്ക് പായിച്ച് മില്ലര്‍ അവസാന മൂന്നോവറിലെ ലക്ഷ്യം 16 റൺസാക്കി മാറ്റി. 18ാം ഓവറിൽ വിജയ് ശങ്കറും തുടരെ ബൗണ്ടറികളുമായി രംഗത്തെത്തിയപ്പോള്‍ ഗുജറാത്തിന് വിജയം ഏറെ അടുത്തായി.
18 പന്തിൽ 30 റൺസിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടാണ് മില്ലര്‍ – വിജയ് ശങ്കര്‍ നാലാം വിക്കറ്റിൽ നേടിയത്. മില്ലര്‍ 27 പന്തിൽ 44 റൺസ് നേടിയപ്പോള്‍ വിജയ് ശങ്കര്‍ 11 പന്തിൽ 14 റൺസുമായി മില്ലര്‍ക്ക് മികച്ച പിന്തുണ നൽകി.