രാജസ്ഥാന്‍ റോയൽസിനെതിരെ ഇന്നത്തെ ഐപിഎൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 177 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗിൽ ഹാര്‍ദ്ദിക് പാണ്ഡ്യ ആദ്യ ഘട്ടത്തിൽ റൺസ് കണ്ടെത്തിയപ്പോള്‍ അവസാന ഓവറുകളിൽ ഡേവിഡ് മില്ലറും അഭിനവ് മനോഹറുമാണ് ഗുജറാത്തിനായി സ്കോറിംഗ് നടത്തിയത്.
വൃദ്ധിമന്‍ സാഹയെ സ്വന്തം ബൗളിംഗിൽ ട്രെന്റ് ബോള്‍ട്ട് പിടിച്ച് പുറത്താക്കുമ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ ബോര്‍ഡിൽ 5 റൺസായിരുന്നു. രണ്ടാം വിക്കറ്റിൽ സായി സുദര്‍ശനും ഗില്ലും ചേര്‍ന്ന് 27 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ 20 റൺസ് നേടിയ സായി സുദര്‍ശന്‍ റണ്ണൗട്ടായി മടങ്ങി.
പിന്നീട് കണ്ടത് ഗുജറാത്തിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 59 റൺസാണ് നേടിയത്. ചഹാല്‍ 19 പന്തിൽ 28 റൺസ് നേടിയ ഹാര്‍ദ്ദിക്കിനെ പുറത്താക്കുകയായിരുന്നു.
സന്ദീപ് ശര്‍മ്മ 34 പന്തിൽ 45 റൺസ് നേടിയ ഗില്ലിനെ പുറത്താക്കിയപ്പോള്‍ 121/4 എന്ന നിലയിലായിരുന്നു ഗുജറാത്ത്. നാലാം വിക്കറ്റിൽ 30 റൺസാണ് ഗിൽ മില്ലര്‍ കൂട്ടുകെട്ട് നേടിയത്. ഈ കൂട്ടുകെട്ടിനിടെ മില്ലറുടെ ക്യാച്ച് കൈവിട്ടതിന് രാജസ്ഥാന്‍ വലിയ വില നൽകേണ്ടി വരുന്നതാണ് പിന്നീട് കണ്ടത്.
സ്കോര്‍ ആറിൽ നിൽക്കുമ്പോള്‍ മില്ലറുടെ ക്യാച്ച് സ്വന്തം ബൗളിംഗിൽ ആഡം സംപ കൈവിടുകയായിരുന്നു. പിന്നീട് മില്ലര്‍ 30 പന്തിൽ 46 റൺസ് നേടി ഗുജറാത്തിന്റെ ഇന്നിംഗ്സിന് അവസാന ഓവറുകളിൽ വേണ്ട ഊര്‍ജ്ജം നൽകുകയായിരുന്നു.
ഒപ്പം അഭിനവ് മനോഹറും സിക്സുകള്‍ പായിച്ചപ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ രണ്ടോവര്‍ ബാക്കി നിൽക്കെ 150 കടന്നു. അഞ്ചാം വിക്കറ്റിൽ അഭിനവ് – മില്ലര്‍ കൂട്ടുകെട്ട് 22 പന്തിൽ നിന്ന് 45 റൺസാണ് നേടിയത്. 13 പന്തിൽ 27 റൺസ് നേടിയ അഭിനവിനെ സംപ ആണ് പുറത്താക്കിയത്.
മില്ലര്‍ സന്ദീപ് ശര്‍മ്മയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ സന്ദീപ് മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റാണ് നേടിയത്. തന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ശേഷം 40 റൺസാണ് മില്ലര്‍ സ്കോറിനോട് കൂട്ടിചേര്‍ത്തത്.