രാജസ്ഥാന് കനത്ത തോൽവി, മുംബൈയുടെ വിജയക്കുതിപ്പ് തുടരുന്നു

Sports Correspondent

Boult

ഐപിഎലില്‍ മുംബൈയുടെ വിജയക്കുതിപ്പ് തുടരുന്നു. ഇന്ന് രാജസ്ഥാന്‍ റോയൽസിനെതിരെയുള്ള 100 റൺസിന്റെ വിജയത്തോടെ തുടര്‍ച്ചയായ ആറാം വിജയം ആണ് ഹാര്‍ദ്ദിക് പാണ്ഡ്യയും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 217 റൺസ് നേടിയപ്പോള്‍ മത്സരത്തിന്റെ ഒരു ഘട്ടത്തിലും രാജസ്ഥാന് വെല്ലുവിളി ഉയര്‍ത്തുവാന്‍ സാധിച്ചില്ല. 16.1 ഓവറിൽ 117 റൺസിന് രാജസ്ഥാന്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. തോൽവിയോടെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി മാറി.

ആദ്യ ഓവറിൽ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ വൈഭവിനെ നഷ്ടമായപ്പോള്‍ തൊട്ടടുത്ത ഓവറിൽ ജൈസ്വാള്‍ ബോള്‍ട്ടിനെ തുടരെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് രാജസ്ഥാന് പ്രതീക്ഷകള്‍ നൽകി. എന്നാൽ തൊട്ടടുത്ത പന്തിൽ 13 റൺസ് നേടിയ ജൈസ്വാളിനെ ബോള്‍ട്ട് പുറത്താക്കി. ഇതോടെ രാജസ്ഥാന്‍ 18/2 എന്ന നിലയിലേക്ക് വീണു.

നിതീഷ് റാണയെ പുറത്താക്കി ബോള്‍ട്ട് തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ രാജസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടമായി. 8 പന്തിൽ 16 റൺസ് നേടിയ റിയാന്‍ പരാഗിനെയും തൊട്ടടുത്ത പന്തിൽ ഷിമ്രൺ ഹെറ്റ്മ്യറെയും നഷ്ടമായതോടെ രാജസ്ഥാന് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 5 വിക്കറ്റ് നഷ്ടമായി. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാന്‍ 62 റൺസാണ് നേടിയത്. ഇരു വിക്കറ്റുകളും ജസ്പ്രീത് ബുംറയാണ് നേടിയത്.

Bumrah

9 പന്തിൽ 15 റൺസ് നേടിയ ശുഭം ദുബേയെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ 9 പന്തിൽ 15 റൺസ് നേടിയ ശുഭം ദുബേയെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ 11 റൺസ് നേടിയ ധ്രുവ് ജുറേലിനെ കരൺ ശര്‍മ്മ പുറത്താക്കി.

Karnsharma

ഒരേ ഓവറിൽ മഹീഷ് തീക്ഷണയെയും കുമാര്‍ കാര്‍ത്തികേയെയും പുറത്താക്കി കരൺ ശര്‍മ്മ രാജസ്ഥാനെ നൂറിനുള്ളിൽ പുറത്താക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കോര്‍ബിന്‍ ബോഷിനെ രണ്ട് സിക്സര്‍ പറത്തി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന്റെ സ്കോര്‍ 100 കടത്തി.

അവസാന വിക്കറ്റിൽ ജോഫ്രയും ആകാശ് മധ്വാലും ചേര്‍ന്ന് നേടിയ 26 റൺസ് കൂട്ടുകെട്ട് ആണ് രാജസ്ഥാനെ 117 റൺസിലേക്ക് എത്തിച്ചത്. 30 റൺസ് നേടിയ ജോഫ്രയാണ് ടീമിന്റെ ടോപ് സ്കോറര്‍. മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ടും കരൺ ശര്‍മ്മയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടി.