ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടമായി രാജസ്ഥാനെതിരെ ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബൈ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് നേടിയത്. റയാന്‍ റിക്കൽട്ടണും രോഹിത് ശര്‍മ്മയും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ മികവുറ്റ കൂട്ടുകെട്ടുമായി ഹാര്‍ദ്ദിക്കും സൂര്യകുമാറും മുംബൈയുടെ സ്കോര്‍ നൂറ് കടത്തി.
മികച്ച തുടക്കമാണ് മുംബൈയ്ക്കായി റിക്കൽട്ടണും രോഹിതും ചേര്‍ന്ന് നൽകിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 58 റൺസ് നേടിയ ഈ സഖ്യം 10 ഓവര്‍ പിന്നിടുമ്പോള്‍ 99 റൺസാണ് നേടിയത്.
116 റൺസാണ് ഒന്നാം വിക്കറ്റിൽ റയാന്‍ റിക്കൽട്ടൺ – രോഹിത് ശര്‍മ്മ കൂട്ടുകെട്ട് നേടിയത്. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് രാജസ്ഥാന് ആശ്വാസം നൽകി.
38 പന്തിൽ 61 റൺസ് നേടിയ റിക്കൽട്ടണിനെ മഹീഷ് തീക്ഷണയും 36 പന്തിൽ 53 റൺസ് നേടിയ രോഹിത് ശര്‍മ്മയെ റിയാന്‍ പരാഗുമാണ് പുറത്താക്കിയത്. പിന്നീട് സൂര്യകുമാര്‍ യാദവ് – ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 44 പന്തിൽ നിന്ന് 94 റൺസ് നേടി മുംബൈയെ മുന്നോട്ട് നയിച്ചു.
സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും 23 പന്തിൽ നിന്ന് 48 റൺസ് നേടി മുംബൈയെ 217/2 എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചു.