ഐപിഎല്‍ സമയക്രമങ്ങള്‍ ടൂര്‍ണ്ണമെന്റിന്റെ സാമ്പത്തിക വശത്തെ ഏറെ ബാധിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് സഹ ഉടമ അകാശ് അംബാനി. സ്റ്റാര്‍ ഇന്ത്യയുടെ ആവശ്യ പ്രകാരമാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ സമയ ക്രമം മാറ്റുവാന്‍ തീരുമാനിച്ചത്. 4 മണിയുടെ മത്സരം 5.30യ്ക്ക് തുടങ്ങുമ്പോള്‍ 8 മണി മത്സരങ്ങള്‍ ഒരു മണിക്കൂര്‍ മുന്നേ 7 മണിക്ക് തുടങ്ങും. ഈ മാറ്റം കാണികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കുമെന്നാണ് സ്റ്റാര്‍ ഇന്ത്യയുടെ ഭാഷ്യം. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ബ്രോഡ്കാസ്റ്ററിനു അനുകൂലമായി തീരുമാനം എടുത്തെങ്കിലും ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് തീരുമാനത്തോട് അത്ര അനുകൂല നിലപാടല്ല.
മുംബൈയിലെ കാണികള്‍ ഏഴ് മണി വരെ ജോലിയില്‍ തുടരുന്നവരാണെന്നും അവര്‍ക്ക് ഏഴാവുമ്പോള്‍ കളി സ്ഥലത്തോ ടീവിയ്ക്ക് മുന്നിലോ എത്തുക ശ്രമകരമാവുമെന്നാണ് മുംബൈ ഫ്രാഞ്ചൈസി ഉടമകള്‍ അറിയിച്ചത്. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറയുന്നത് വരും ദിവസങ്ങളില്‍ ഉടന്‍ തന്നെ ഏവര്‍ക്കും ബോധ്യമായ അനുകൂലമായ നിലപാടിലേക്ക് എല്ലാ കക്ഷികള്‍ക്കും എത്തിച്ചേരാനാവുമെന്നാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial