ഐപിഎലില്‍ ട്വിസ്റ്റുകള്‍ നിറഞ്ഞ മത്സരത്തിൽ ഡൽഹിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് 12 റൺസ് വിജയം നേടി മുംബൈ ഇന്ത്യന്‍സ്. ഇന്ന് കരുൺ നായരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ മുംബൈ നൽകിയ 206 റൺസ് വിജയ ലക്ഷ്യം മറികടക്കുമെന്ന് ഡൽഹി തോന്നിപ്പിച്ചുവെങ്കിലും കരൺ ശര്‍മ്മയുടെ ബൗളിംഗ് മികവിൽ മത്സരത്തിലേക്ക് മുംബൈ തിരികെ എത്തുകയായിരുന്നു. 19 ഓവറിൽ 193 റൺസിന് ഡൽഹി ഓള്‍ഔട്ട് ആയപ്പോള്‍ മുംബൈ 12 റൺസ് വിജയം ആഘോഷിച്ചു.
ഇന്നിംഗ്സിലെ ആദ്യ പന്തിൽ ഡൽഹിയ്ക്ക് ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്കിനെ നഷ്ടമായപ്പോള്‍ ഇംപാക്ട് പ്ലേയര്‍ ആയി കരുൺ നായര്‍ ക്ലീസിലെത്തുകയായിരുന്നു. 2022ന് ശേഷം തന്റെ ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങിയ കരുൺ നായര്‍ രണ്ടാം ഓവറിൽ ബോള്‍ട്ടിനെ തുടരെ രണ്ട് ബൗണ്ടറികള്‍ നേടിയാണ് റൺ വേട്ട തുടങ്ങിയത്.
പവര്‍പ്ലേയിൽ മികച്ച രീതിയിൽ ബാറ്റ് വീശിയ കരുൺ ജസ്പ്രീത് ബുംറയെ ഒരോവറിൽ രണ്ട് സിക്സുകള്‍ക്കും ഒരു ഫോറിനും പായിച്ച് കരുൺ നായര്‍ ഐപിഎലിലെ തന്റെ മടങ്ങി വരവ് 22 പന്തിൽ നിന്നുള്ള ഫിഫ്റ്റിയുമായി ആഘോഷിക്കുകയായിരുന്നു.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 72/1 എന്ന നിലയിലായിരുന്നു ഡൽഹി. 119 റൺസ് കൂട്ടുകെട്ടാണ് കരുൺ നായരും അഭിഷേക് പോറെലും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ ഡൽഹിയ്ക്കായി നേടിയത്.
25 പന്തിൽ 33 റൺസാണ് അഭിഷേക് നേടിയത്. അധികം വൈകാതെ കരുൺ നായരെയും ഡൽഹിയ്ക്ക് നഷ്ടമായി. 40 പന്തിൽ നിന്ന് 80 റൺസാണ് കരുൺ നായര്‍ നേടിയത്. മിച്ചൽ സാന്റനര്‍ക്കായിരുന്നു വിക്കറ്റ്.
അക്സര്‍ പട്ടേലിനെയും സ്റ്റബ്സിനെയും വേഗത്തിൽ നഷ്ടമായ ശേഷം ഡൽഹി 119/1 എന്ന നിലയിൽ നിന്ന് 144/5 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. കരൺ ശര്‍മ്മ കെഎൽ രാഹുലിനെയും പുറത്താക്കിയതോടെ മുംബൈ അതിശക്തമായി മത്സരത്തിലേക്ക് തിരികെ വന്നു. 15 റൺസായിരുന്നു രാഹുല്‍ നേടിയത്.
മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 42 റൺസായിരുന്നു ഡൽഹി നേടേണ്ടിയിരുന്നത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 17ാം ഓവറിൽ വെറും 3 റൺസ് മാത്രം പിറന്നപ്പോള്‍ 18 പന്തിൽ നിന്ന് ലക്ഷ്യം 39 റൺസായി മാറി.
മിച്ചൽ സാന്റനറെ 18ാം ഓവര്‍ എറിയാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ വിളിച്ചപ്പോള്‍ താരത്തിനെ ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ബൗണ്ടറിയും നേടിയാണ് വിപ്‍രാജ് നിഗം വരവേറ്റത്. എന്നാൽ ഓവറിലെ അഞ്ചാം പന്തിൽ താരത്തെ സാന്റനര്‍ പുറത്താക്കി. 8 പന്തിൽ 14 റൺസാണ് വിപ്‍രാജ് സ്കോര്‍ ചെയ്തത്.
ഓവറിൽ നിന്ന് 15 റൺസ് വന്നപ്പോള്‍ ഡൽഹിയ്ക്ക് മുന്നിലെ ലക്ഷ്യം 12 പന്തിൽ 23 റൺസായിരുന്നു. ബുംറ എറിഞ്ഞ 19ാം ഓവറിൽ തുടരെ രണ്ട് ബൗണ്ടറികള്‍ നേടിയ അശുതോഷ് ശര്‍മ്മ ഡൽഹിയുടെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി. എന്നാൽ താരം റണ്ണൗട്ടായതോടെ മുംബൈ മത്സരത്തിലേക്ക് തിരികെ വന്നു. 14 പന്തിൽ 17 റൺസാണ് അശുതോഷ് നേടിയത്.
മോഹിത് ശര്‍മ്മയും ഓവറിലെ അവസാന പന്തിൽ റണ്ണൗട്ട് ആയപ്പോള്‍ ഓവറിൽ മൂന്ന് ഡൽഹി താരങ്ങളാണ് റണ്ണൗട്ട് ആയത്. 10 റൺസ് മാത്രം ഓവറിൽ നിന്ന് വന്നപ്പോള്‍ മുംബൈ 12 റൺസ് വിജയം നേടി.
മുംബൈയ്ക്കായി കരൺ ശര്‍മ്മ മൂന്നും മിച്ചൽ സാന്റനര്‍ രണ്ടും വിക്കറ്റാണ് നേടിയത്.