ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് സൺറൈസേഴ്സിന് മുന്നിൽ 193 റൺസ് വിജയ ലക്ഷ്യം നൽകിയ ശേഷം എതിരാളികളെ 178 റൺസിലൊതുക്കി 14 റൺസ് വിജയം ആണ് മുംബൈ നേടിയത്. 19.5 ഓവറിൽ സൺറൈസേഴ്സ് ഓള്‍ഔട്ട് ആകുകയായിരുന്നു.
ഹാരി ബ്രൂക്കിനെയും രാഹുല്‍ ത്രിപാഠിയെയും ജേസൺ ബെഹ്രെന്‍ഡോര്‍ഫ് പുറത്താക്കിയപ്പോള്‍ 25/2 എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 46 റൺസാണ് മയാംഗ് അഗര്‍വാളും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് നേടിയത്. 22 റൺസ് നേടിയ മാര്‍ക്രത്തെ പുറത്താക്കി കാമറൺ ഗ്രീന്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്.
തൊട്ടടുത്ത ഓവറിൽ അഭിഷേക് ശര്‍മ്മയെ പിയൂഷ് ചൗള പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സിന് നാലാം വിക്കറ്റ് നഷ്ടമായി.
പിയൂഷ് ചൗളയെ ഒരോവറിൽ രണ്ട് ഫോറുകള്‍ക്കും രണ്ട് സിക്സുകള്‍ക്കും ഹെയിന്‍റിച്ച് ക്ലാസ്സന്‍ പറത്തിയെങ്കിലും ഓവറിലെ അവസാന പന്തിൽ ക്ലാസ്സനെ പുറത്താക്കി പിയൂഷ് ചൗള തിരിച്ചടിയ്ക്കുകയായിരുന്നു. 21 റൺസായിരുന്നു ആ ഓവറിൽ നിന്ന് പിറന്നത്.
16 പന്തിൽ 36 റൺസ് നേടിയ ക്ലാസ്സന്‍ പുറത്താകുമ്പോള്‍ സൺറൈസേഴ്സ് അഞ്ചാം വിക്കറ്റിൽ 55 റൺസാണ് മയാംഗ് – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയത്. തൊട്ടടുത്ത ഓവറിൽ റൈലി മെറിഡിത്ത് മയാംഗിന്റെ ചെറുത്ത്നില്പും അവസാനിപ്പിച്ചു. 48 റൺസായിരുന്നു മയാംഗ് നേടിയത്. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 61 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്.
മാര്‍ക്കോ ജാന്‍സെന്‍ വന്ന് ഏതാനും ബൗണ്ടറികള്‍ നേടിയെങ്കിലും 6 പന്തിൽ 13 റൺസ് നേടിയ താരത്തെയും റൈലി മെറിഡിത്ത് മടക്കിയയ്ച്ചു. 18ാം ഓവറിൽ ബെഹ്രെന്‍ഡോര്‍ഫ് രണ്ട് ബൗണ്ടറിയും ഒരു വൈഡ് ഫോറും വഴങ്ങിയപ്പോള്‍ ഓവറിലെ അഞ്ചാം പന്തിൽ വാഷിംഗ്ടൺ സുന്ദര്‍ റണ്ണൗട്ടാകുകയായിരുന്നു. ഓവറിലെ അവസാന പന്തിൽ അബ്ദുള്‍ സമദ് ബൗണ്ടറി കൂടി നേടിയപ്പോള്‍ ഓവറിൽ നിന്ന് 19 റൺസാണ് പിറന്നത്. ഇതോടെ 12 പന്തിൽ നിന്ന് 24 റൺസായി സൺറൈസേഴ്സിന്റെ ലക്ഷ്യം മാറി.
കാമറൺ ഗ്രീന്‍ മത്സരത്തിന്റെ 19ാം ഓവറിൽ വെറും 4 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ അവസാന ഓവറിൽ സൺറൈസേഴ്സിന് ജയിക്കുവാന്‍ 20 റൺസ് നേടണമായിരുന്നു. അവസാന ഓവര്‍ എറിഞ്ഞ അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ വെറും 5 റൺസ് മാത്രം വിട്ട് നൽകുകയായിരുന്നു. തന്റെ കന്നി ഐപിഎൽ വിക്കറ്റും ഈ ഓവറിൽ അര്‍ജ്ജുന്‍ നേടി. ഭുവനേശ്വര്‍ കുമാറിന്റെ വിക്കറ്റാണ് താരം നേടിയത്.