ഫാഫ് ഡു പ്ലെസി – ഗ്ലെന്‍ മാക്സ്വെൽ കൂട്ടുകെട്ട് നേടിയ 120 റൺസിന്റെ ബലത്തിൽ ആര്‍സിബിയ്ക്ക് 199 റൺസ്. ഒരു ഘട്ടത്തിൽ 220ന് മേലെയുള്ള സ്കോറിലേക്ക് ടീം കുതിയ്ക്കുമെന്ന് കരുതിയെങ്കിലും ഇവരുടെ വിക്കറ്റുകള്‍ വീഴ്ത്തി മുംബൈ ടീമിനെ 199 റൺസിലൊതുക്കുകയായിരുന്നു.
കോഹ്‍ലി ആദ്യ ഓവറിലും അനുജ് റാവത്ത് മൂന്നാം ഓവറിലും ജേസൺ ബെഹ്രെന്‍ഡോര്‍ഫിന് ഇരയായി മടങ്ങിയപ്പോള്‍ ആര്‍സിബി 16/2 എന്ന നിലയിലായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തിൽ 56 റൺസിലേക്ക് ഫാഫ് ഡു പ്ലെസിയും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് ടീമിനെ എത്തിയ്ക്കുകയായിരുന്നു.
മാക്സ്വെൽ അതിവേഗ സ്കോറിംഗ് നടത്തിയപ്പോള്‍ താരം 25 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. പത്തോവര്‍ പിന്നിടുമ്പോള്‍ ഈ കൂട്ടുകെട്ട് ആര്‍സിബിയെ 104 റൺസിലേക്ക് എത്തിച്ചു. തൊട്ടടുത്ത ഓവറിൽ 26 പന്തിൽ നിന്ന് ഫാഫ് ഡു പ്ലെസി തന്റെ അര്‍ദ്ധ ശതകം തികച്ചു.
അതോ ഓവറിൽ ജോര്‍ദ്ദനെ സിക്സര്‍ പറത്തി മാക്സ്വെൽ – ഫാഫ് കൂട്ടുകെട്ട് നൂറ് റൺസ് തികച്ചു. 62 പന്തിൽ 120 റൺസ് നേടിയ കൂട്ടുകെട്ടിനെ തന്റെ സ്പെല്ലിനായി തിരിച്ചെത്തിയ ബെഹ്രെന്‍ഡോര്‍ഫ് ആണ് തകര്‍ത്തത്. 33 പന്തിൽ 68 റൺസ് നേടിയ മാക്സ്വെൽ ജേസണിന്റെ മൂന്നാമത്തെ വിക്കറ്റായി മാറി.
41 പന്തിൽ 65 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയെ കാമറൺ ഗ്രീന്‍ പുറത്താക്കിയപ്പോള്‍ ആര്‍സിബി 146/5 എന്ന നിലയിലേക്ക് വീണു. ദിനേശ് കാര്‍ത്തിക്ക് – കേധാര്‍ ജാഥവ് കൂട്ടുകെട്ട് 39 റൺസ് നേടി ആര്‍സിബിയെ മുന്നോട്ട് നയിച്ചപ്പോള്‍ ക്രിസ് ജോര്‍ദ്ദന്‍ 18 പന്തിൽ 30 റൺസ് നേടിയ കാര്‍ത്തിക്കിനെ പുറത്താക്കുകയായിരുന്നു.
വനിന്‍ഡു ഹസരംഗയു കേധാര്‍ ജാഥവും 12 റൺസ് വീതം നേടിയപ്പോള്‍ ആര്‍സിബി 199/6 എന്ന സ്കോര്‍ നേടുകയായിരുന്നു. മുംബൈയ്ക്കായി ജേസൺ ബെഹ്രെന്‍ഡോര്‍ഫ് മൂന്ന് വിക്കറ്റ് നേടി തിളങ്ങി.