മാക്സ്വെൽ മാജിക്കും മറികടന്ന് ധോണിയും സംഘവും, ഫാഫിന്റെ അര്‍ദ്ധ ശതകവും വിഫലം

Sports Correspondent

ആര്‍സിബിയ്ക്കായി ഗ്ലെന്‍ മാക്സ്വെല്ലും ഫാഫ് ഡു പ്ലെസിയും ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് 8 റൺസ് വിജയം നേടി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. 227 എന്ന കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ ആര്‍സിബിയെ ഗ്ലെന്‍ മാക്സ്വെല്ലും ഫാഫ് ഡു പ്ലെസിയും വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്നാണ് ചെന്നൈയുടെ തിരിച്ചുവരവ്. 218/8 എന്ന സ്കോറില്‍ ആര്‍സിബി ഇന്നിംഗ്സ് ഒതുങ്ങുകയായിരുന്നു. 24 പന്തിൽ 46 റൺസെന്ന പ്രാപ്യമായ ലക്ഷ്യം അവസാന ഓവറിൽ 19 റൺസെന്ന നിലയിലേക്ക് മാറിയെങ്കിലും പ്രധാന ബാറ്റ്സ്മാന്മാര്‍ ക്രീസിലില്ലാതെ പോയത് ആര്‍സിബിയ്ക്ക് കനത്ത തിരിച്ചടിയായി.

15/2 എന്ന നിലയിലേക്ക് വീണ ആര്‍സിബിയെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഫാഫ് ഡു പ്ലെസിയും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് 75 റൺസാണ് ആര്‍സിബിയ്ക്കായി നേടിയത്. 23 പന്തിൽ നിന്ന് ഫാഫ് തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ മാക്സ്വെല്ലും വെടിക്കെട്ട് ഇന്നിംഗ്സ് ആണ് പുറത്തെടുത്തത്. താരം 24 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി ഫാഫിനെ സ്കോറിംഗിൽ മറികടക്കുന്നതാണ് തൊട്ടടുത്ത ഓവറിൽ കണ്ടത്.

Glennmaxwell

പത്തോവര്‍ പിന്നിടുമ്പോള്‍ 121/2 എന്ന നിലയിലായിരുന്നു ആര്‍സിബി. ഇതിനിടെ ഫാഫ് ഡു പ്ലെസി നൽകിയ റിട്ടേൺ ക്യാച്ച് മഹീഷ് തീക്ഷണ കൈവിട്ടതും ചെന്നൈയ്ക്ക് തലവേദനയായി മാറി.

36 പന്തിൽ 76 റൺസ് നേടിയ മാക്സ്വെല്ലിനെ തീക്ഷണ തന്റെ അടുത്ത ഓവറിൽ ധോണിയുടെ കൈകളിലെത്തിച്ച് പുറത്താക്കുമ്പോള്‍ 47 പന്തിൽ നിന്ന് 86 റൺസായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്. 8 സിക്സും 3 ഫോറും അടങ്ങിയതായിരുന്നു മാക്സ്വെല്ലിന്റെ ഇന്നിംഗ്സ്.

Maheeshmsd

മോയിന്‍ അലിയെ ബൗളിംഗിലേക്ക് ധോണി കൊണ്ടുവന്നപ്പോള്‍ ഷഹ്ബാസ് അഹമ്മദും ഫാഫ് ഡു പ്ലെസിയും താരത്തെ ഓരോ സിക്സുകള്‍ക്ക് പായിച്ചുവെങ്കിലും ഫാഫിന്റെ വിക്കറ്റ് നേടിയാണ് മോയിന്‍ ധോണിയുടെ വിശ്വാസം കാത്ത് സൂക്ഷിച്ചത്. 33 പന്തിൽ 62 റൺസായിരുന്നു ഫാഫ് നേടിയത്.

Fafduplessis

അവസാന അഞ്ചോവറിൽ 58 റൺസായിരുന്നു ആറ് വിക്കറ്റ് കൈവശമുണ്ടായിരുന്ന ആര്‍സിബി നേടേണ്ടിയിരുന്നത്. എന്നാൽ മാക്സ്വെല്ലും ഫാഫും മടങ്ങിയത് ചെന്നൈയ്ക്ക് ആശ്വാസമായി മാറി. ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസും ചേര്‍ന്ന് സ്കോറിംഗ് മുന്നോട്ട് നയിച്ചപ്പോള്‍ നാലോവറിൽ 46 റൺസായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്.

17ാം ഓവറിൽ തുഷാര്‍ ദേശ്പാണ്ടേ ബൗളിംഗിനെത്തിയപ്പോള്‍ ആദ്യ പന്തിൽ ബൗണ്ടറി നേടിയ ദിനേശ് കാര്‍ത്തിക് ഓവറിൽ ഒരു അവസരം നൽകിയത് റുതുരാജ് കൈവിടുകയായിരുന്നു. തൊട്ടടുത്ത പന്തിൽ കാര്‍ത്തിക് ഒരു ബൗണ്ടറി കൂടി നേടിയെങ്കിലും അഞ്ചാം പന്തിൽ തുഷാറിന് വിക്കറ്റ് നൽകി കാര്‍ത്തിക് മടങ്ങുമ്പോള്‍ 14 പന്തിൽ 28 റൺസായിരുന്നു താരം നേടിയത്.

32 റൺസാണ് കാര്‍ത്തിക് – ഷഹ്ബാസ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്. തൊട്ടടുത്ത ഓവറിൽ 12 റൺസ് നേടിയ ഷഹ്ബാസിനെയും ആര്‍സിബിയ്ക്ക് നഷ്ടമായി. മതീഷ പതിരാനയ്ക്കായിരുന്നു വിക്കറ്റ്.

തുഷാര്‍ എറിഞ്ഞ 19ാം ഓവറിൽ സുയാഷ് നേടിയ സിക്സ് ഉള്‍പ്പെടെ 12 റൺസ് പിറന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 19 റൺസായിരുന്നു. പതിരാനയ്ക്കായിരുന്നു ബൗളിംഗ് ദൗത്യം ധോണി നൽകിയത്. ഇംപാക്ട് പ്ലേയറായി എത്തിയ സുയാഷ് ഓവറിലെ മൂന്നാം പന്തിൽ സിക്സര്‍ പറത്തിയപ്പോള്‍ ലക്ഷ്യം 3 പന്തിൽ 11 റൺസായി മാറി. എന്നാൽ അടുത്ത പന്തിൽ മികച്ചൊരു യോര്‍ക്കറിലൂടെ പതിരാന ശക്തമായ തിരിച്ചുവരവ് നടത്തി.

അഞ്ചാം പന്തിൽ ഡബിള്‍ മാത്രം പിറന്നപ്പോള്‍ 9 റൺസെന്ന അപ്രാപ്യമായ ലക്ഷ്യം ആയിരുന്നു അവസാന പന്തിൽ ആര്‍സിബി നേടേണ്ടിയിരുന്നത്. അവസാന പന്തിൽ 19 റൺസ് നേടിയ സുയാഷിന്റെ വിക്കറ്റ് കൂടി നേടി ആര്‍സിബി ഇന്നിംഗ്സ് 218/8 എന്ന നിലയിൽ ഒതുക്കി 8 റൺസ് വിജയം ചെന്നൈ നേടുകയായിരുന്നു.