ട്വിസ്റ്റോട് ട്വിസ്റ്റ്!!! ഒടുവിൽ ലക്നൗവിന് ത്രില്ലര്‍ വിജയം

Sports Correspondent

Pooran
Download the Fanport app now!
Appstore Badge
Google Play Badge 1

സംഭവ ബഹുലമായ അവസാന ഓവറിൽ അവസാന പന്തിൽ ഒരു വിക്കറ്റ് വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. അവസാന പന്തിൽ രവി ബിഷ്ണോയിയെ നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ മങ്കാഡിംഗ് രീതിയിൽ (ഇപ്പോള്‍ അംഗീകൃതമായ പുറത്താകൽ രീതി) പുറത്താക്കുവാനുള്ള അവസരം ഹര്‍ഷൽ പട്ടേലും അവസാന പന്തിൽ അവേശ് ഖാനെ ബീറ്റ് ചെയ്തുവെങ്കിലും അത് ദിനേശ് കാര്‍ത്തിക് കളക്ട് ചെയ്യാത്തതിനാൽ മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തുവാന്‍ ആര്‍സിബിയ്ക്ക് അവസരം നഷ്ടമായി.

213 എന്ന കൂറ്റന്‍ സ്കോര്‍ അനായാസം ചേസ് ചെയ്യുമെന്ന നിലയിലേക്ക് നിക്കോളസ് പൂരനും മാര്‍ക്കസ് സ്റ്റോയിനസും ടീമിനെ എത്തിച്ച ശേഷം ആയുഷ് ബദോനി ടീമിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ച് ഹിറ്റ് വിക്കറ്റായി മടങ്ങിയതിന് ശേഷം ആണ് ആര്‍സിബി മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്.

തുടക്കത്തിൽ തീപാറും ബൗളിംഗ് പുറത്തെടുത്ത ആര്‍സിബി ഒരു ഘട്ടത്തിൽ 23/3 എന്ന നിലയിലേക്ക് ലക്നൗവിനെ പിടിച്ചുകെട്ടുകയായിരുന്നു. ആദ്യ ഓവറിൽ സിറാജ് കൈൽ മയേഴ്സിനെ പുറത്താക്കിയപ്പോള്‍ ദീപക് ഹൂഡയെയും ക്രുണാൽ പാണ്ഡ്യയെയും വെയിന്‍ പാര്‍ണൽ പുറത്താക്കി. കെഎൽ രാഹുല്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പിന്നീട് കണ്ടത് മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഒറ്റയാള്‍ പോരാട്ടമാണ്.

Marcusstoinis

ഇംപാക്ട് പ്ലേയറായി എത്തിയ കരൺ ശര്‍മ്മയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ 30 പന്തിൽ നിന്ന് 6 ഫോറും 5 സിക്സും അടക്കം 65 റൺസാണ് നേടിയത്. നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 66 റൺസ് നേടിയപ്പോള്‍ ഇതിൽ രാഹുലിന്റെ സംഭാവന ഒരു റൺസായിരുന്നു.

തൊട്ടടുത്ത ഓവറിൽ കെഎൽ രാഹുലിനെ സിറാജ് പുറത്താക്കിയപ്പോള്‍ ആര്‍സിബി വീണ്ടും മത്സരത്തിൽ പിടിമുറുക്കിയെന്നാണ് ഏവരും കരുതിയത്. 20 പന്തിൽ 18 റൺസാണ് രാഹുല്‍ നേടിയത്.

പിന്നീട് കണ്ടത് ഐപിഎലിലെ തന്നെ അവിശ്വസീനിയ ചേസിംഗുകളിൽ ഒന്നാണ്. പന്തെറിയാനെത്തിയ ആര്‍സിബി ബൗളര്‍മാരെ ആരെയും നിലംതൊടീക്കാതെ നിക്കോളസ് പൂരന്‍ ബാറ്റ് വീശിയപ്പോള്‍ ലക്നൗ റൺറേറ്റ് വരുതിയിലാക്കുന്നതാണ് കണ്ടത്.

15 പന്തിൽ നിന്നാണ് പൂരന്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. താരത്തിന് മികച്ച പിന്തുണയുമായി ആയുഷ് ബദോനിയും ബാറ്റ് വീശിയപ്പോള്‍ അവസാന നാലോവറിൽ ലക്ഷ്യം 28 റൺസായിരുന്നു. 19 പന്തിൽ 62 റൺസ് നേടിയ നിക്കോളസ് പൂരനെ 17ാം ഓവറിലെ അവസാന ന്തിൽ പുറത്താക്കുമ്പോള്‍ ഈ കൂട്ടുകെട്ട് 35 പന്തിൽ 84 റൺസ് നേടിയിരുന്നു.

4 വിക്കറ്റ് കൈവശമുള്ള ലക്നൗവിന് 24 റൺസ് മൂന്നോവറിൽ നിന്ന് വേണമെന്നുള്ളപ്പോള്‍ ആയുഷ് ബദോനിയല്ലാതെ വേറൊരു റെഗുലര്‍ ബാറ്റ്സ്മാനില്ലാതെ പോയതാണ് ടീമിനെ ആശങ്കപ്പെടുത്തിയത്. ഹര്‍ഷൽ പട്ടേല്‍ എറിഞ്ഞ 18ാം ഓവറിൽ ജയ്ദേവ് ഉനഡ്കട് നേടിയ ബൗണ്ടറി ഉള്‍പ്പെടെ 9 റൺസ് പിറന്നപ്പോള്‍ ലക്നൗവിന്റെ ലക്ഷ്യം 12 പന്തിൽ 15 റൺസായി മാറി.

വെയിന്‍ പാര്‍ണൽ എറിഞ്ഞ ഓവറിൽ ഒരു ബൗണ്ടറി കൂടി നേടി ആയുഷ് ബദോനി ലക്ഷ്യം 9 പന്തിൽ ഏഴാക്കി മാറ്റി. അടുത്ത പന്തിൽ താരം പാര്‍ണലിനെ സിക്സര്‍ പറത്തിയെങ്കിലും ഹിറ്റ് വിക്കറ്റായി പുറത്താകുകയായിരുന്നു. 24 പന്തിൽ 30 റൺസാണ് ബദോനി നേടിയത്.

അടുത്ത രണ്ട് പന്തുകളിൽ 2 സിംഗിളുകള്‍ വന്നപ്പോള്‍ അവസാന ഓവറിൽ 5 റൺസെന്ന നിലയിലേക്ക് ലക്ഷ്യം മാറി. അവസാന ഓവറിലെ രണ്ടാം പന്തിൽ മാര്‍ക്ക് വുഡിനെ പുറത്താക്കി ഹര്‍ഷൽ പട്ടേൽ ലക്നൗവിന്റെ എട്ടാം വിക്കറ്റ് സ്വന്തമാക്കി.  അടുത്ത പന്തിൽ രവി ബിഷ്ണോയി ഡബിള്‍ നേടി ലക്ഷ്യത്തിന് 2 റൺസ് അടുത്തേക്കെത്തി.

അടുത്ത പന്തിൽ ജയ്ദേവ് ഉനഡ്കടിന്റെ വിക്കറ്റ് നേടി ഹര്‍ഷൽ ലക്നൗവിന്റെ 9ാം വിക്കറ്റ് നേടി.