പഞ്ചാബിനെതിരെ 56 റൺസ് വിജയത്തോടെ ലക്നൗ സൂപ്പര്‍ ജയന്റ്സ്. 19.5 ഓവറിൽ പഞ്ചാബ് 201 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. യഷ് താക്കൂര്‍, നവീന്‍ ഉള്‍ ഹക്ക്, രവി ബിഷ്ണോയി എന്നിവരുടെ ബൗളിംഗ് മികവാണ് ലക്നൗവിന് മികച്ച വിജയം നേടിക്കൊടുത്തത്.
ശിഖര്‍ ധവാനെയും ആദ്യ ഓവറിൽ നഷ്ടമായ പഞ്ചാബിന് പ്രഭ്സിമ്രാന്‍ സിംഗിനെയും പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ നഷ്ടമായി. 31/2 എന്ന നിലയിലേക്ക് വീണ പഞ്ചാബിനെ പിന്നീട് അഥര്‍വ ടൈഡേ – സിക്കന്ദര്‍ റാസ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.
ഇരുവരും ചേര്‍ന്ന് 78 റൺസ് രണ്ടാം വിക്കറ്റിൽ നേടിയെങ്കിലും റൺ റേറ്റ് വരുതിയിലാക്കുവാന്‍ ഇരുവര്‍ക്കും ആയില്ല. 22 പന്തിൽ 36 റൺസ് നേടിയ സിക്കന്ദര്‍ റാസയെ പുറത്താക്കി യഷ് താക്കുര്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. തൊട്ടടുത്ത ഓവറിൽ രവി ബിഷ്ണോയി അഥര്‍വ ടൈഡേയെ പുറത്താക്കി. 36 പന്തിൽ 66 റൺസായിരുന്നു ടൈഡേയുടെ സംഭാവന.
14 പന്തിൽ 23 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റണിനെ രവി ബിഷ്ണോയി പുറത്താക്കിയപ്പോള്‍ 11 പന്തിൽ 21 റൺസ് നേടിയ സാം കറന്‍ നവീന്‍ ഉള്‍ ഹക്കിന്റെ രണ്ടാമത്തെ ഇരയായി. യഷ് താക്കൂറിനെ ജിതേഷ് ശര്‍മ്മ ഒരോവറിൽ രണ്ട് സിക്സ് നേടിയപ്പോള്‍ അതേ ഓവറിൽ താരത്തിനെ താക്കൂര്‍ പുറത്താക്കി. 10 പന്തിൽ 24 റൺസ് ആണ് ജിതേഷ് ശര്‍മ്മ നേടിയത്.
ലക്നൗവിനായി യഷ് താക്കൂര്‍ നാല് വിക്കറ്റും നവീന്‍ ഉള്‍ ഹക്കും മൂന്ന് വിക്കറ്റും നേടി.