ഐപിഎലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ആര്‍സിബിയ്ക്ക് നേടുവാന്‍ സാധിച്ചത് 126 റൺസ് മാത്രം. 44 റൺസ് നേടിയ ഫാഫ് ഡുപ്ലെസി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 31 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ലക്നൗവിന് വേണ്ടി നവീന്‍ ഉള്‍ ഹക്ക് മൂന്നും അമിത് മിശ്രയും രവി ബിഷ്ണോയിയും രണ്ട് വീതം വിക്കറ്റ് നേടി ബാംഗ്ലൂര്‍ ബാറ്റിംഗിന് തടയിടുകയായിരുന്നു.
അതിവേഗത്തിലുള്ള സ്കോറിംഗ് നടത്തുവാന്‍ ആര്‍സിബി ഓപ്പണര്‍മാര്‍ക്ക് സാധിച്ചില്ലെങ്കിലും വിക്കറ്റ് നഷ്ടമില്ലാതെ പവര്‍പ്ലേ അവസാനിപ്പിക്കുവാന്‍ അവര്‍ക്കായി. 42 റൺസാണ് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ആര്‍സിബി നേടിയത്.
31 റൺസ് നേടിയ വിരാട് കോഹ്‍ലി പുറത്തായത് ആര്‍സിബിയ്ക്ക് വലിയ തിരിച്ചടിയായി. ഒന്നാം വിക്കറ്റിൽ ഫാഫ് – കോഹ്ലി കൂട്ടുകെട്ട് 62 റൺസാണ് നേടിയത്. രവി ബിഷ്ണോയിയുടെ ഓവറിൽ വിരാട് കോഹ്‍ലിയെ നിക്കോളസ് പൂരന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. അധികം വൈകാതെ അനുജ് റാവത്തിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും നഷ്ടമായ ആര്‍സിബി 80/3 എന്ന നിലയിലേക്ക് വീണു.
റാവത്തിനെ കൃഷ്ണപ്പ ഗൗതം പുറത്താക്കിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ രവി ബിഷ്ണോയി വിക്കറ്റിന് മുന്നിൽ കുടുക്കുയായിരുന്നു. ബൗണ്ടറികള്‍ നേടുവാന്‍ ആര്‍സിബിയ്ക്ക് കഴിയാതെ വന്നപ്പോള്‍ ടീമിനെ ചെറുത്ത്നിര്‍ത്തുവാന്‍ ലക്നൗവിന് സാധിച്ചു. 15.2 ഓവറിൽ സ്കോര്‍ 93/4 എന്ന നിലയിൽ നിൽക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു.
44 റൺസ് നേടിയ ഡുപ്ലെസിയെയും അമിത് മിശ്ര പുറത്താക്കിയപ്പോള്‍ ആര്‍സിബിയുടെ നില പരുങ്ങലിലായി. പിന്നീട് 20 ഓവറിൽ നിന്ന് 126/9 എന്ന സ്കോറാണ് ആര്‍സിബി നേടിയത്.