സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ 5 വിക്കറ്റിന്റെ മികച്ച വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദിനെ 121/8 എന്ന സ്കോറിനൊതുക്കിയ ശേഷം 16 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം ലക്നൗ നേടി.
മികച്ച തുടക്കമാണ് കൈൽ മയേഴ്സും കെഎൽ രാഹുലും ചേര്‍ന്ന് ലക്നൗവിന് നൽകിയത്. ഒന്നാം വിക്കറ്റിൽ 35 റൺസ് നേടി നിൽക്കുമ്പോള്‍ 14 റൺസ് നേടിയ കൈൽ മയേഴ്സിനെ പുറത്താക്കി ഫസൽഹഖ് ഫറൂഖിയാണ് സൺറൈസേഴ്സിന് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്.
അടുത്ത ഓവറിൽ ദീപക് ഹൂഡയെ മികച്ച റിട്ടേൺ ക്യാച്ചിലൂടെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ 45 റൺസായിരുന്നു ലക്നൗ നേടിയത്. പിന്നീട് ക്രുണാലും കെഎൽ രാഹുലും ചേര്‍ന്നാണ് ലക്നൗവിനെ മുന്നോട്ട് നയിച്ചത്. കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ടീം 10 ഓവറിൽ 82 റൺസാണ് നേടിയത്.
ഉമ്രാന്‍ മാലിക് ഈ കൂട്ടുകെട്ട് തകര്‍ക്കുമ്പോള്‍ 55 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 34 റൺസ് നേടിയ ക്രുണാലിനെയാണ് മാലിക് പുറത്താക്കിയത്. ആദിൽ റഷീദ് കെഎൽ രാഹുലിനെയും(35) റൊമാരിയോ ഷെപ്പോര്‍ഡിനെയും ഒരേ ഓവറിലെ ആദ്യ രണ്ട് പന്തിൽ പുറത്താക്കിയെങ്കിലും ലക്ഷ്യം അപ്പോള്‍ വെറും 8 റൺസ് അകലെയായിരുന്നു.
നിക്കോളസ് പൂരന്‍ 11 റൺസും മാര്‍ക്കസ് സ്റ്റോയിനിസ് 10 റൺസും നേടി പുറത്താകാതെ നിന്നു.